പന്തളം : പന്തളത്ത് എം.ഡി.എം.എ. യുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര കുമരംപേരൂർ ഓം നിവാസിൽ സുജിത്ത് സോമൻ (39), കരുനാഗപ്പള്ളി ചെറിയഴീക്കൽ പുത്തൻപുരയിൽ വീട്ടിൽ രമേശ് തങ്കക്കുട്ടൻ (33) എന്നിവരെയാണ് ജില്ല ഡാന്സാഫ് സംഘത്തിന്റെയും പന്തളം പോലീന്റെയും സംയുക്ത പരിശോധനയില് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് നടന്ന പരിശോധനയില് തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സുജിത്ത് സോമന് പിടിയിലാവുന്നത്. ഇയാളുടെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 8.609 ഗ്രാം എം.ഡി.എം.എ യും അന്വേഷണ സംഘം പിടിച്ചെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് എം.ഡി.എം.എ. നൽകിയ കരുനാഗപ്പള്ളി ചെറിയഴീക്കൽ പുത്തൻപുരയിൽ വീട്ടിൽ രമേശ് തങ്കക്കുട്ടൻ (33) എന്നയാളെയും ചെറിയഴിക്കലില് നിന്നും അറസ്റ്റ് ചെയ്തു. പന്തളം സർക്കിൾ ഇൻസ്പെക്ടർ സി.ബാബുക്കുറുപ്പ്, പത്തനംതിട്ട ഡാൻസാഫ് എസ്.ഐ. യു.വിഷ്ണു, പന്തളം എസ്.എച്ച്.ഒ. എബിൻ പ്രസാദ്, സബ് ഇന്സ്പെക്ടര് വിനോദ് കുമാർ സി.വി., എ.എസ്.ഐ.പ്രസന്നൻ, പോലീസ് ഉദ്യോഗസ്ഥരായ എസ്.അൻവർഷ, ഹരി, കൃഷ്ണലാൽ, ബിനു, സുജിത്ത്, മിഥുൻ ജോസ്, ഷെഫീഖ്, ജിതിൻ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
MDMA Case









