പത്തനംതിട്ട തിരുവല്ലയില്‍ വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ മോഷണം; മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വി.യില്‍
തിരുവല്ല : തിരുവല്ലയിലെ വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ മോഷണം വ്യാപകമാകുന്നു. മുപ്പതോളം മീന്‍ പെട്ടികളാണ് ഒറ്റദിവസം മോഷ്ടാക്കള്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസമാണ് തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴ് പാലത്തിന് സമീപം പുഴമീന്‍ വില്പനകേന്ദ്രത്തില്‍ നിന്നും പ്ലാസ്റ്റിക് പെട്ടികള്‍ മോഷ്ടിച്ചത്. വേങ്ങല്‍ സ്വദേശി രതീഷിന്‍റെ കടയില്‍ നിന്നാണ് പെട്ടികള്‍ അപഹരിക്കപ്പെട്ടത്. പുലര്‍ച്ചയോടെയാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. മോഷ്ടാവിന്‍റെ ദൃശ്യങ്ങളും സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. രാവിലെ മൊബൈല്‍ ഫോണില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് മോഷണം നടന്ന കാര്യം വ്യക്തമായത്.
25000 രൂപയുടെ നഷ്ടം കണക്കാകുന്നതായി കടയുടമ പറയുന്നു. രണ്ട് യുവാക്കള്‍ ചേര്‍ന്ന് മീന്‍ പെട്ടികള്‍ വാഹനത്തിലേക്ക് എടുത്തുവെയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മുപ്പതോളം പെട്ടികള്‍ നഷ്ടമായിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭ്യമല്ലാത്ത കടയുടെ മറ്റൊരുഭാഗത്ത് നിന്നും കഴിഞ്ഞയാഴ്ച രതീഷിന്‍റെ 20 ല്‍ കൂടുതല്‍ മീന്‍ പെട്ടികള്‍ മോഷ്ടിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് രതീഷ് പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു. തിരുവല്ലയില്‍ അടുത്തിടെയായി വിവിധ സ്ഥലങ്ങളില്‍ മോഷണങ്ങളും മോഷണ ശ്രമങ്ങളും വര്‍ധിച്ചിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്താന്‍ പോലീസ് സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്.
Theft at roadside vending centers in Thiruvalla, Pathanamthitta; visuals of the thief caught on CCTV

