കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ മാറ്റം, വിസ പരമാവധി ഒരു വർഷം വരെ നീട്ടാം; പ്രവാസികൾക്ക് ആശ്വാസം
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ആശ്വാസമായി കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ മാറ്റം. ഒരുമാസമായിരുന്ന സന്ദർശന കാലാവധി മൂന്നുമാസമായി ദീർഘിപ്പിച്ചു. വിസ ആറുമാസമോ ഒരു വർഷമോ നീട്ടാൻ കഴിയുമെന്നും ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് വ്യക്തമാക്കി. സന്ദർശകർ ആവശ്യമായ ഫീസ് അടച്ച് അവർക്ക് ഇഷ്ടപ്പെട്ട ഒപ്ഷൻ തിരഞ്ഞെടുക്കാം.
കുടുംബസന്ദർശന വിസയിൽ എത്തുന്നവർക്ക് ഇനിമുതൽ കുവൈത്ത് ദേശീയ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടതില്ലന്ന സുപ്രധാന തീരുമാനവും മന്ത്രി അറിയിച്ചു. കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നീ വിമാനങ്ങളിൽ മാത്രമായിരുന്നു കുടുംബ സന്ദർശന വിസയിലുള്ളവർക്ക് വരാൻ അനുമതി. ഇത് മാറുന്നതോടെ മലയാളികൾക്ക് അടക്കം നിരവധി പ്രവാസികൾക്ക് ആശ്വാസമാകും.
പൗരന്മാരുടെയും പ്രവാസികളുടെയും അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി ‘കുവൈത്ത് വിസ’ പ്ലാറ്റ്‌ഫോമിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിർദേശങ്ങൾ നൽകിയതായും ഈ മാറ്റങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി അറിയിച്ചു.
‘അറബ് ടൈംസി’ന്റെയും ‘അൽ സയാസ’യുടെയും എഡിറ്റർ-ഇൻ-ചീഫ് അഹമ്മദ് അൽ ജറല്ലയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് മന്ത്രിയുടെ സ്ഥിരീകരണം.
kuwait visa