ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ ജ്വല്ലറിയുടമ ഗോവര്‍ധന്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.
ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും നാഗ ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് എസ് ഐ ടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അരങ്ങേറിയത് വിശാലമായ ഗൂഡാലോചനയാണെന്നും സ്വര്‍ണ്ണക്കവര്‍ച്ച സംഘടിത കുറ്റകൃത്യമെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു സ്വര്‍ണ്ണപ്പാളികളിലെ സ്വര്‍ണ്ണവും തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കിയെന്നും നാഗ ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എസ് ഐ ടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പത്മകുമാറിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്തും എസ് ഐ ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ ദേവസ്വത്തിന്‍റെ ഭരണപരമായ പദവിയിൽ ഇരുന്ന തനിക്ക് ജീവനക്കാരെ ശബരിമലയിൽ ജോലിയുടെ ഭാഗമായി നിയന്ത്രിക്കാനുള്ള ചുമതലയാണ് ഉണ്ടായിരുന്നതെന്നും കൂട്ടായ്മയിൽ അല്ലാതെ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നുമാണ് പത്മകുമാറിന്‍റെ വാദം. അതേ സമയംസ്വർണ്ണം വാങ്ങിയതിനു പകരമായി 9.99 ലക്ഷം രൂപ ഡി ഡിയായി ദേവസ്വത്തിൽ അടച്ചിരുന്നുവെന്നാണ് ഗോവർദ്ധന്റെ അവകാശവാദം. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ചോദ്യംചെയ്യലിന് പലതവണ ഹാജരായതാണെന്നും ഗോവർദ്ധൻ ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിരുന്നു.
kerala-high-court-to-hear-bail-plea-in-sabarimala-gold-theft-case-today
