നടിയെ ആക്രമിച്ച കേസ്: നിർണായക നീക്കവുമായി അതിജീവിത, പോലീസ് അന്വേഷണം വേണം, വീണ്ടും കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്ക് പിന്നാലെ വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങി അതിജീവിത. കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് എട്ടാം പ്രതി ആയിരുന്ന ദിലീപിനെ കോടതി വെറുതെ വിട്ടത്.
പള്‍സര്‍ സുനി അടക്കമുളള ആദ്യ 6 പ്രതികള്‍ക്ക് കൂട്ടബലാത്സംഗത്തിനുളള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചത്. അതേസമയം കേസിലെ നിര്‍ണായകമായ പല തെളിവുകളും കോടതി പരിഗണിച്ചില്ല എന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിര്‍ണായക തെളിവാണ് പ്രതികള്‍ ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച മെമ്മറി കാര്‍ഡ്. ഈ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി തുറന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികളൊന്നും ഇല്ലാത്തതിന് എതിരെയാണ് അതിജീവിത കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതില്‍ പോലീസ് അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിക്കും. നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണക്കോടതി വസ്തുതാ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് മൂന്ന് കോടതികളില്‍ വെച്ച് മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചിട്ടുണ്ട് എന്നാണ്. ശാസ്ത്രീയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
മൂന്ന് കോടതിയില്‍ വെച്ചും മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതായി കണ്ടെത്തിയ സമയം കോടതിയുടെ പ്രവര്‍ത്തി സമയം ആയിരുന്നില്ല. രണ്ട് കോടതിയില്‍ വെച്ച് മെമ്മറി കാര്‍ഡ് തുറന്നത് രാത്രി സമയം ആയിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിചാരണക്കോടതിയില്‍ വെച്ച് ഒരു വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു.
dileep-case-survivor-makes-a-crucial-move-demands-police-investigation-to-approache-court-again-
