യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ
പത്തനംതിട്ടയിൽ വീടുകൾ കയറി സാധനങ്ങൾ വിൽപന നടത്തുന്ന രണ്ട് യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ. വെണ്ണിക്കുളം സ്വദേശി പ്രവീണിനെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് വലയിലാക്കിയത്.
കഴിഞ്ഞ സെപ്റ്റംബർ 29-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീടുകൾ തോറും കയറിയിറങ്ങി മെഡിക്കൽ ഉപകരണങ്ങളും മറ്റ് സാധനങ്ങളും വിൽപന നടത്തുന്ന വയനാട്, റാന്നി സ്വദേശിനികളായ രണ്ട് യുവതികളാണ് അതിക്രമത്തിന് ഇരയായത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന യുവതികളെ താനും ഇതേ മേഖലയിൽ ജോലി ചെയ്യുന്നയാളാണെന്ന് പറഞ്ഞ് പ്രതി പ്രവീൺ വിശ്വസിപ്പിക്കുകയായിരുന്നു. താനും ആ മേഖലയിൽ ആണ് ജോലി ചെയ്യുന്നതെന്നും സാധനങ്ങൾ എളുപ്പത്തിൽ വിറ്റുതരാമെന്നും കൂടുതൽ കച്ചവടമുള്ള സ്ഥലത്തേക്ക് കൊണ്ടുപോകാമെന്നും വാഗ്ദാനം നൽകി ഇയാൾ യുവതികളെ സ്വന്തം കാറിൽ കയറ്റി.
യാത്രയ്ക്കിടയിൽ കാറിനുള്ളിൽ വെച്ച് പ്രവീൺ യുവതികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതികൾ ബഹളം വെച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ ഇവരെ മല്ലപ്പള്ളി - വെണ്ണിക്കുളം റോഡിൽ ഇറക്കിവിട്ട് പ്രതി കാറുമായി കടന്നുകളഞ്ഞു.
തുടർന്ന് യുവതികൾ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും തങ്ങളെ കടത്തിക്കൊണ്ടുപോയ വാഹനത്തിന്റെ നമ്പർ പോലീസിന് കൈമാറുകയും ചെയ്തു. പോലീസ് നടത്തിയ സിസിടിവി കേന്ദ്രീകരിച്ചുള്ള ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് ചേർത്തല രജിസ്ട്രേഷനിലുള്ള വാഹനം തിരിച്ചറിയുകയും പ്രതിയായ വെണ്ണിക്കുളം സ്വദേശി പ്രവീണിനെ പിടികൂടുകയും ചെയ്തത്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.
Accused arrested in connection with the case of abducting young women in broad daylight and subjecting them to sexual assault

