ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിങ് ആരംഭിച്ച് നിമിഷങ്ങൾക്കകം മുറികൾ മുഴുവൻ തീരുന്ന പ്രതിഭാസത്തിന് തടയിടാൻ പുതിയ നിയന്ത്രണങ്ങൾ വരുന്നു. വെർച്വൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്ത തീർത്ഥാടകർക്ക് മാത്രമായി ഓൺലൈൻ മുറി ബുക്കിങ് പരിമിതപ്പെടുത്താനാണ് പുതിയ നീക്കം.
ട്രാവൽ ഏജൻസികളും ഇടനിലക്കാരും കൂട്ടത്തോടെ മുറികൾ കൈക്കലാക്കുന്നത് തടയാൻ വൺ ടൈം പാസ്‌വേഡ് അഥവാ ഒടിപി ഉൾപ്പെടെയുള്ള കർശന സുരക്ഷാ സംവിധാനങ്ങൾ പോർട്ടലിൽ ഏർപ്പെടുത്തും. ഒരാൾക്ക് എത്ര മുറികൾ വേണമെങ്കിലും ബുക്ക് ചെയ്യാമെന്ന നിലവിലെ പഴുത് മുതലെടുത്താണ് ഏജൻസികൾ വ്യാപകമായി മുറികൾ ബുക്ക് ചെയ്യുന്നത്.
ഇതുസംബന്ധിച്ച അടിയന്തര നിർദേശങ്ങൾ ഉൾപ്പെടുത്തി ശബരിമല സ്പെഷ്യൽ കമ്മിഷണർ ഉടൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
തുലാമാസ പൂജയോടനുബന്ധിച്ച് ഓൺലൈൻ ബുക്കിങ്ങിനായി ലഭ്യമാക്കിയ 400 മുറികളും അസാധാരണ വേഗത്തിൽ അപ്രത്യക്ഷമായതിനെ തുടർന്ന് ദേവസ്വം വിജിലൻസ് നിലവിൽ അന്വേഷണം നടത്തിവരികയാണ്. പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുകൂടാതെ സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
SABARIMALA

















