പത്തനംതിട്ട :തീർത്ഥാടന ടൂറിസത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി പത്തനംതിട്ട ജില്ലയെ പ്രതിവർഷം ഇരുനൂറ്റമ്പത് കോടി രൂപയിലേറെ വരുമാനം നേടുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്ന് അബിൻ വർക്കി എം.എൽ.എ. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയിൽ ജില്ലയുടെ വികസന സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്നും, ഒപ്പം സമഗ്ര പ്രളയനിയന്ത്രണ പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ടയിൽ നടന്ന ജില്ലാ തല സമീപനരേഖാ രൂപീകരണ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല, ആറന്മുള തുടങ്ങിയ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളും മാരാമൺ, ചെറുകോൽപ്പുഴ, കുമ്പനാട് കൺവെൻഷനുകളും ഉൾപ്പെടുന്ന പത്തനംതിട്ടയുടെ സാംസ്കാരിക പൈതൃകം കോർത്തിണക്കി സമഗ്ര തീർത്ഥാടന ടൂറിസം സർക്യൂട്ട് വികസിപ്പിക്കണമെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന നിർദ്ദേശം. പടയണി ഉൾപ്പെടെയുള്ള തനത് കലാരൂപങ്ങളും പള്ളിയോടങ്ങളും ഈ സർക്യൂട്ടിന്റെ ഭാഗമാക്കണം.
ശബരിമലയിൽ മാത്രം പ്രതിവർഷം അമ്പത്തിയഞ്ച് ലക്ഷത്തോളം തീർത്ഥാടകരും ആറന്മുള ക്ഷേത്രത്തിൽ പത്ത് ലക്ഷത്തോളം പേരും എത്തുന്നുണ്ട്. വിവിധ കൺവെൻഷനുകളും സാംസ്കാരിക പരിപാടികളും കൂടി കണക്കിലെടുത്താൽ പ്രതിവർഷം എഴുപത് മുതൽ എഴുപത്തിയഞ്ച് ലക്ഷം വരെ ആളുകളാണ് ജില്ല സന്ദർശിക്കുന്നത്.
ഇതിൽ ചെറിയൊരു ശതമാനം ആളുകളെപ്പോലും ജില്ലയിൽ ഒരു ദിവസമെങ്കിലും താമസിപ്പിക്കാൻ കഴിഞ്ഞാൽ ടൂറിസം വരുമാനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. ഇതിനായി സന്ദർശകർക്ക് ആവശ്യമായ താമസസൗകര്യങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് വരാനിരിക്കുന്ന പദ്ധതിയിൽ മുൻഗണന നൽകണം.
തീർത്ഥാടന വികസനത്തിനൊപ്പം ജില്ലയുടെ സുരക്ഷ ഉറപ്പാക്കാൻ ശാസ്ത്രീയമായ പ്രളയനിയന്ത്രണ പദ്ധതികൾ കൂടി പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ലക്ഷക്കണക്കിന് വരുന്ന തീർത്ഥാടകരെ ജില്ലയിൽ നിലനിർത്താനായാൽ പത്തനംതിട്ടയുടെ സാമ്പത്തിക മേഖലയ്ക്ക് അത് വലിയ ഉത്തേജനമാകുമെന്നാണ് വിലയിരുത്തൽ.
pathanamthitta
