പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതും മദ്യപിച്ച് വാഹനമോടിക്കുന്നതും ഉൾപ്പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പത്തനംതിട്ട ജില്ലയിൽ പോലീസിന്റെ വ്യാപകമായ പ്രത്യേക പരിശോധന. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ വിവിധ നിയമലംഘനങ്ങളിലായി 270 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 33 പേരെ അറസ്റ്റ് ചെയ്തു. ഒരു കേസും രജിസ്റ്റർ ചെയ്തു.
കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം പത്തനംതിട്ട ജില്ലയിലൂടെ സർവീസ് നടത്തിയ ഏകദേശം മുഴുവൻ സ്കൂൾ വാഹനങ്ങളിലെയും ഡ്രൈവർമാരെ പോലീസ് പരിശോധിച്ചു. സ്കൂൾ വാഹനങ്ങളുടെ സുരക്ഷയും ഡ്രൈവർമാരുടെ നിയമാനുസൃതമായ പ്രവർത്തനവും ഉറപ്പാക്കുന്നതിനായിരുന്നു പരിശോധന.
കേസുകൾ രജിസ്റ്റർ ചെയ്തതിനു പുറമേ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 41 പേരെ പരിശോധിക്കുകയും വിവിധ കേസുകളിലെ 18 ജാമ്യമില്ലാ വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 11 പ്രതികളെയും ദീർഘനാളായി ഒളിവിൽ കഴിഞ്ഞിരുന്ന നാല് വാറണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് പുറത്താക്കിയിട്ടുള്ള വ്യക്തികളുടെ നിലവിലെ പ്രവർത്തനങ്ങൾ, താമസസ്ഥലം, മറ്റ് നീക്കങ്ങൾ എന്നിവയും പോലീസ് നിരീക്ഷിച്ചു.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിന് രക്ഷിതാക്കൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് പറഞ്ഞു. ഗതാഗത നിയമങ്ങൾ പാലിക്കാത്തവർക്കും പൊതുസമാധാനത്തിന് ഭീഷണിയാകുന്ന സാമൂഹ്യവിരുദ്ധർക്കുമെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
റോഡപകടങ്ങൾ കുറയ്ക്കുക, കുറ്റകൃത്യങ്ങൾ തടയുക, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പ്രത്യേക പരിശോധനയുടെ ലക്ഷ്യമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
pathanamthitta
