പത്തനംതിട്ട അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ ഒടുവിൽ ശക്തമായ നടപടികളിലേക്ക് കടന്ന് പൊലീസ്. യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൂർണമായി പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസിന്റെ ഈ നിർണായക നീക്കം. ടൂർ പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയ സംഘർഷത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പൊലീസ് ഇപ്പോൾ പ്രതികളുടെ അറസ്റ്റിലേക്ക് കടന്നിരിക്കുന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിനെയാണ് പൊലീസ് ആദ്യം വലയിലാക്കിയത്.
കഴിഞ്ഞ ജൂലൈ 11-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. യൂട്യൂബർ രാജൻ ജോസഫിനെ തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അടൂർ സ്റ്റേഷനിൽ വലിയ അതിക്രമത്തിൽ കലാശിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഈ അതിക്രമത്തിൽ പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും തുടർനടപടികൾ വൈകുന്നതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
എന്നാൽ, സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൂർണമായി പുറത്തുവന്നതോടെ പൊലീസിന് മേൽ നടപടിയെടുക്കാനുള്ള സമ്മർദ്ദം ശക്തമായി. ഇതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം രംഗത്തിറങ്ങിയത്. ജയകൃഷ്ണൻ പള്ളിക്കലിന് പുറമെ, അതിക്രമത്തിൽ പങ്കെടുത്ത മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന സൂചന. അതേസമയം, കേസിൽ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിയാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന നിലപാടിലാണ് പൊലീസ്.
Pathanamthitta
