നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസില്‍ സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം നല്‍കി ഹൈക്കോടതി. സുഹൈല്‍ സജീവിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി തീരുമാനം. സുഹൈലിന് പുറമെയുള്ള നിനവ്, ജോയല്‍, അമീന്‍ എന്നീ പ്രതികള്‍ക്കാണ് ഇന്ന് ജാമ്യം അനുവദിച്ചത്.
അപകടം ദൗര്‍ഭാഗ്യകരമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി എല്ലാ തെളിവുകളും ശേഖരിച്ചല്ലോ എന്നും ചോദിച്ചു. ഒരു മാസമായി പ്രതികള്‍ റിമാന്‍ഡിലെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റഡിയില്‍ തുടരാന്‍ മതിയായ കാരണം വേണമെന്നും പൊതുബോധത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു. നിയമവും നടപടിക്രമങ്ങളും നോക്കിയാണ് തീരുമാനമെടുത്തതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷയെ പ്രൊസിക്യൂഷന്‍ എതിര്‍ത്തിരുന്നു. തെളിവ് ഇനിയും ശേഖരിക്കാനുണ്ടെന്നും മൊഴി നല്‍കാന്‍ ആരും മുന്നോട്ട് വരില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പത്ത് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാം എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ഒക്ടോബര്‍ 10ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പ്പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.
Nedumbassery Mini Cooper accident: Bail granted to all accused except Suhail Sajeev
