പത്തനംതിട്ട നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി; എന്നാൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്നും ആവശ്യം. പത്തനംതിട്ട നഗരത്തിന്റെ ശുചിത്വത്തിനും വികസനത്തിനുമായി നഗരസഭ നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളോട് വ്യാപാരികൾ സഹകരിക്കുമെന്നും, എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാവശ്യ പരിശോധനകൾ അവസാനിപ്പിക്കണമെന്നും സമിതി പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് അബു നവാസ് എം. ആവശ്യപ്പെട്ടു.
നഗരത്തിന്റെ പൊതുവായ വൃത്തിക്കും ജനങ്ങളുടെ നന്മയ്ക്കുമായി പത്തനംതിട്ട നഗരസഭയും വ്യാപാരി സമൂഹവും തമ്മിൽ മികച്ച സഹകരണമാണ് കാലാകാലങ്ങളായി തുടരുന്നത്. വികസന കാര്യങ്ങളിൽ നഗരസഭാ ഭരണസമിതിക്കൊപ്പം വ്യാപാരികൾ എന്നും കൈകോർത്തു നിൽക്കും. എന്നാൽ, പരിശോധനകളുടെ പേരിൽ വ്യാപാരികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നിന്ന് അധികൃതർ പിന്മാറണമെന്നാണ് ഏകോപന സമിതിയുടെ പ്രധാന ആവശ്യം.
ഇക്കാര്യത്തിൽ നഗരസഭ ചെയർപേഴ്സണും സെക്രട്ടറിയും ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദ്ദേശം നൽകണമെന്ന് അബു നവാസ് എം. അഭ്യർത്ഥിച്ചു. നഗരസഭയും വ്യാപാരികളും തമ്മിൽ ഏതെങ്കിലും വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ അത് പരസ്പര ചർച്ചയിലൂടെ പരിഹരിക്കണം. നഗരത്തിന്റെ പൊതുവായ വികസനത്തിനും നന്മയ്ക്കുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ വ്യാപാരി സമൂഹം എപ്പോഴും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Pathanamthitta
