പത്തനംതിട്ട: ജില്ലയിലെ 89 സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല. കൊല്ലം തേവലക്കര സർക്കാർ സ്കൂൾ കെട്ടിടത്തോടു ചേർന്ന വൈദ്യുതി ലൈനിൽ തട്ടി വിദ്യാർഥി മരിച്ച സംഭവത്തിനുശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ സുരക്ഷ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് കണ്ടെത്തൽ.
നേരത്തേ തന്നെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒഴിച്ചിട്ടിരുന്നതും പൊളിച്ചുനീക്കാൻ അനുമതി ലഭിക്കാത്തതുമായ കെട്ടിടങ്ങളും ഇക്കൂട്ടത്തിലുണ്ട്. കെട്ടിടങ്ങൾ അധ്യയനത്തിനു യോജിച്ചതല്ലെന്നു കണ്ടെത്തിയ 89 സ്കൂളുകളിൽ പകുതിയോളം എയ്ഡഡ് വിദ്യാലയങ്ങളാണ്. അധ്യയന വർഷാരംഭത്തിൽ ഫിറ്റ്നസ് ലഭിച്ച പല കെട്ടിടങ്ങൾക്കും തേവലക്കര അപകടത്തിനു പിന്നാലെ നടന്ന പരിശോധയിൽ സുരക്ഷ സർട്ടിഫിക്കറ്റ് നിഷേധിച്ചതായും ആക്ഷേപമുണ്ട്. ഇത് പല സ്കൂളുകളുടെയും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
രണ്ടാം പരിശോധനയിൽ ആറന്മുള ഗവ. എച്ച്.എസ്.എസിലെ ഒരു കെട്ടിടത്തിനു പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു. ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് സീലിങ് അടർന്നു വീഴുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് അടച്ചിട്ടത്.
വി.എച്ച്.എസ്.എസ് വിഭാഗത്തിന്റെ രണ്ടു ക്ലാസ് മുറിയും വിവിധ ലാബുകളും ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഇത് അടച്ചതോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ ക്ലാസ് മുറി പുനഃക്രമീകരിച്ചെങ്കിലും സ്ഥലപരിമിതിയും ക്ലാസുകൾ തമ്മിൽ വേർതിരിവ് ഇല്ലാത്തതും പ്രശ്നമാകുന്നുണ്ട്. സമാന സാഹചര്യത്തിൽ കെട്ടിടാനുമതി നിഷേധിച്ച സ്കൂളുകളിലും ക്ലാസ് മുറികളുടെ കുറവ് പഠനാന്തരീക്ഷത്തെ ബാധിക്കുന്നതായി അധ്യാപകർ പറയുന്നു. ജില്ലയിലെ മൂന്ന് എൽ.പി സ്കൂളുകൾ വാടക കെട്ടിടത്തിലാണെന്ന് പ്രവർത്തിക്കുന്നതെന്ന വിവരവും പുറത്തുവന്നു. പുതിയതു നിർമിക്കാനായി ഈ സ്കൂളുകളുടെ ശോച്യാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയായിരുന്നു. പുതിയ കെട്ടിടം സമയബന്ധിതമായി പണി പൂർത്തീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വാടക കെട്ടിടങ്ങളിലേക്കുള്ള മാറ്റം. എന്നാൽ, പണി അനിശ്ചിതമായി നീളുകയാണ്.
പ്ലാങ്കമൺ ഗവ. എൽ.പി സ്കൂൾ, കോട്ടാങ്ങൽ ജി.എൽ.പി.എസ്, ചാത്തങ്കരി ഗവ. ന്യൂ എൽ.പി.എസ് എന്നിവയാണ് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി പ്ലാങ്കമൺ ഗവ. എൽ.പി സ്കൂളിന്റെ പ്രവർത്തനം തൊട്ടടുത്ത അയിരൂർ കർമേൽ അഗതി മന്ദിരത്തിലേക്കാണ് മാറ്റിയത്. എന്നാൽ, മാസങ്ങൾ ഏറെയായിട്ടും സ്കൂൾ കെട്ടിടം പണി തുടങ്ങാനായിട്ടില്ല. ഇതോടെ മന്ദിരത്തിന്റെ കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
Pathanamthitta