വന്യമൃഗശല്യത്തിന് പരിഹാരമായി വനാതിർത്തികളിൽ വനംവകുപ്പ് നിർമിച്ചത് ഗുണനിലവാരം കുറഞ്ഞ സോളാർ വേലികളെന്ന് ആക്ഷേപം .
പത്തനംതിട്ട: വന്യമൃഗശല്യത്തിന് പരിഹാരമായി വനാതിർത്തികളിൽ വനംവകുപ്പ് നിർമിച്ചത് ഗുണനിലവാരം കുറഞ്ഞ സോളാർ വേലികളെന്ന് ആക്ഷേപം ശക്തമാകുന്നു. 26 കോടിയോളം രൂപയാണ് ഇതിനകം സോളാർ വേലിക്ക് ചെലവഴിച്ചത്. ഗാരന്റിയില്ലാത്ത സാധനങ്ങൾ വേലി നിർമാണത്തിന് ഉപയോഗിച്ചതിലൂടെ ലക്ഷ്യം പാളിയെന്നു മാത്രമല്ല വലിയ സാമ്പത്തിക നഷ്ടവും ഉണ്ടായി.
വേലിയുണ്ടായിട്ടും വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നതിൽ കഴിഞ്ഞ അഞ്ചു വർഷമായി ഒരു കുറവുമില്ല എന്ന് കണക്കുകളിൽനിന്നു തന്നെ വ്യക്തമാണ്. മൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് മിഷൻ സോളാർ ഫെൻസിങ് പദ്ധതിയാണ് നടപ്പാക്കുന്നത്. സോളാർ വേലി സ്ഥാപിക്കാൻ വനം വകുപ്പ് കരാർ നൽകുകയാണ്. കരാറുകാർ കൊണ്ടുവരുന്ന സാധനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തേണ്ടത് വനം വകുപ്പ് നിയോഗിക്കുന്ന സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘമാണ്.
എന്നാൽ, ഇവർ പേരിന് മാത്രം പരിശോധന നടത്തി മടങ്ങും. പിന്നീട് കരാറുകാർ തോന്നുന്നപോലെ പണികൾ നടത്തുകയാണ്. ഓരോ മേഖലയായി തിരിച്ചാണ് കരാർ നൽകുന്നത്. 1200 കിലോമീറ്ററിൽ സ്ഥാപിച്ച സോളാർ വേലി ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപിച്ച് ആറു മാസത്തിനുള്ളിൽ മിക്കയിടത്തും തകർന്നു. കാട്ടാനകൾ തകർത്തുവെന്നും വലിയ മരങ്ങൾ ഒടിഞ്ഞുവീണെന്നുമാണ് വനംവകുപ്പിന്റെ വാദം. നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന വേലികൾ ആന തള്ളിയാലും മരം വീണാലും തകരും.
ഐ.എസ്.ഐ മാർക്കുള്ള കമ്പനികളുടെ പൈപ്പുകളും മറ്റും ഉപയോഗിച്ച് സോളാർ വേലി നിർമിക്കണമെന്നാണ് മാനദണ്ഡം. എന്നാൽ, വ്യാജ ഐ.എസ്.ഐ. മാർക്കുള്ള സാധനങ്ങൾ കഴിഞ്ഞ വർഷം പിടിച്ചെടുത്തിരുന്നു.
സോളാർ വേലി സ്ഥാപിക്കേണ്ടത് ഇടവിട്ട് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചാണ്. മിക്കയിടത്തും കോൺക്രീറ്റ് തൂണുകൾക്ക് പകരം ജി.ഐ. പൈപ്പുകൾ കണ്ടെത്തി. നിർമാണത്തിന്റെ കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യാത്തത് ക്രമക്കേടുകൾക്ക് വളമാകുന്നുവെന്ന് വനപാലകർക്കിടയിൽ വിമർശനമുണ്ട്. വനസംരക്ഷണ സമിതികളുടെ പേരിൽ ഇല്ലാത്ത പദ്ധതികൾ എഴുതിച്ചേർത്ത് പണം എഴുതിയെടുത്ത സംഭവങ്ങളുമുണ്ട്.
poor-quality-solar-fences-mission-solar-fencing-project-failed
