അതിഥിത്തൊഴിലാളികളുടെ കൃത്യമായ കണക്കോ രേഖകളോ ശേഖരിക്കാതെ അധികാരികൾ ;പന്തളത്ത് കുറ്റകൃത്യങ്ങളേറുന്നു; പ്രതികളിലേറെയും അതിഥിത്തൊഴിലാളികൾ
പന്തളം : അതിഥിത്തൊഴിലാളികളുടെ എണ്ണം ഏറിവരുമ്പോൾ പന്തളത്ത് ഇവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്ക് എവിടെയുമില്ല. ഇവർ താമസിക്കുന്ന സ്ഥലങ്ങൾ, സാമൂഹികപ്രശ്നങ്ങൾ എന്നിവ സംബന്ധിച്ചും വിവരമില്ല. കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം ഇവർക്കിടയിൽ വ്യാപകമാകുമ്പോഴും മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുമ്പോഴും ഇതൊക്കെ പരിഗണിക്കാൻ അധികാരികൾക്ക് താത്പര്യമില്ല.
മന്തുപോലെയുള്ള പല രോഗങ്ങളും ഇവർക്കിടയിൽ കണ്ടെത്തുകയും ചിലരെ നാട്ടിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തിട്ടുമുണ്ട്. പന്തളത്ത്, പ്രത്യേകിച്ച് ഇവർ തിങ്ങിപ്പാർക്കുന്ന കടയ്ക്കാട്ട് നാട്ടുകാർ മാലിന്യപ്രശ്നം കാരണം ബുദ്ധിമുട്ടുകയാണ്. 2019-ൽ കളക്ടർ, ഇവർ താമസിക്കുന്ന സ്ഥലങ്ങളിൽ നടത്തിയ പരിശോധനയായിരുന്നു അൽപ്പം മാറ്റംവരുത്തിയത്. കോവിഡ് കാലത്ത് നാട്ടിൽ പോയവരുടെ കണക്ക് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് എത്രപേർ വന്നെന്നുള്ള കണക്കില്ല.
കാലിത്തൊഴുത്തിനേക്കാൾ കഷ്ടമായ സാഹചര്യത്തിൽ ജീവിക്കുന്നവർവരെ ഇവരുടെ കൂട്ടത്തിലുണ്ട്. ഇവരുടെ താമസസ്ഥലത്തുനിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയതും നഗരസഭാ ബസ്‌സ്റ്റാൻഡിൽ തലയ്ക്കടിയേറ്റ് തൊഴിലാളി മരിച്ചതും കഞ്ചാവ് വിൽപ്പന കേസിൽ ചിലർ പിടിയിലായതുമൊന്നും ഇവരുടെ വിവരശേഖരണത്തിലേക്ക് വഴി തുറന്നില്ല.
നാട്ടുകാർക്കുപോലും താമസിക്കാൻ കഴിയാത്തവിധം മാലിന്യമുൾപ്പെടെ നിറഞ്ഞു കിടക്കുകയാണ് ഇവിടെ. ഇത് കെട്ടിക്കിടന്ന് കിണറുകളിലേക്കും തോടുകളിലേക്കും ഇറങ്ങുന്നതാണ് ഇവിടത്തെ പ്രധാന പ്രശ്നം. തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നവരാരും ഇവിടെ താമസിക്കാത്തതിനാൽ സമീപവാസികളായ പാവങ്ങളാണ് മാലിന്യത്തിന്റെ ബുദ്ധിമുട്ട് കൂടുതൽ അനുഭവിക്കുന്നത്.
കുടുംബമായി താമസിക്കുന്നു എന്ന വ്യാജേന ലഹരി വില്പനയും നടത്തുന്നവരുമുണ്ട്.
അതിഥിത്തൊഴിലാളികളിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായവർ പത്തുപേർ. ഇതിൽ അധികവും മയക്കുമരുന്ന് വിൽപ്പനയുടെ ഇടനിലക്കാരാണ്. ഇവർ കൂട്ടമായി താമസിക്കുന്ന വാടകക്കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് രാസലഹരിയുടെ ഉപയോഗവും വില്പനയും വ്യാപകമായി നടക്കുന്നത്. കഞ്ചാവ് ചെടി നട്ടുവളർത്തിയതുകൂടാതെ ബ്രൗൺ ഷുഗർ, എംഡിഎംഎ പോലുള്ള മാരക രാസലഹരി വിൽപ്പനക്കാർ ഇവർക്കിടയിലുണ്ട്.
pandalam crime
