കോന്നി മെഡിക്കൽ കോളജിൽ വയറ് വേദനയെ തുടർന്ന് പ്രവേശിപ്പിച്ച വൃദ്ധയെ ചികിത്സിച്ചതിൽ പിഴവെന്ന് പരാതി
കോന്നി: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയറ് വേദനയെ തുടർന്ന് പ്രവേശിപ്പിച്ച വൃദ്ധയെ ചികിത്സിച്ചതിൽ പിഴവെന്ന് പരാതി. കോന്നി പൂവൻപാറ സ്വദേശി ഇളയാംകുന്ന് വീട്ടിൽ ചെല്ലമ്മ(73) ആണ് ഗുരുതരാവസ്ഥയിൽ കോന്നി മെഡിക്കൽ കോളേജ് ഐ.സി.യുവിലായത്.
ഛർദിലിനെ തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെല്ലമ്മയെ പിന്നീട് കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വയർ സ്കാൻ ചെയ്യാൻ ഡോക്ടർ നിർദേശം നൽകിയതോടെ സ്കാനിങ് വിഭാഗത്തിൽ എത്തിച്ചെങ്കിലും സ്കാനിങ് തീയതി നീണ്ടു പോയതിനാൽ സ്വകാര്യ ലാബിൽ ചെയ്യേണ്ടി വന്നു. കുടലിൽ മുഴയാണെന്ന് സ്ഥിരീകരിച്ച ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി.
പിന്നീട് ഇത് അണുബാധയായി ചെല്ലമ്മയെ ഗുരുതരാവസ്ഥയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇതിനിടെ അർബുദ ബാധ ഉണ്ടോ എന്നറിയാൻ ബയോപ്സി നടത്തി. ഇതിന്റെ ഫലം വരുന്നതിന് മുമ്പേ അർബുദത്തിന്‍റെ മൂന്നാം ഘട്ടം ആണെന്നാണ് ബന്ധുക്കളെ അറിയിച്ചത്. വീണ്ടും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. രണ്ടാമത്തെ ശസ്ത്രക്രിയയോടെ സ്ഥിതി ഗുരുതരമായി.
കോന്നി മെഡിക്കൽ കോളജിൽ വ്യാപക ചികിത്സാപിഴവാണ് രോഗികളും ബന്ധുക്കളും ആരോപിക്കുന്നത്. പുതിയതായി നിർമിച്ച ഓപറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയ കഴിയുന്ന രോഗികൾക്ക് അണുബാധ ഉണ്ടാകുന്നതായും പരാതിയുണ്ട്.
complaint-alleging-medical-negligence-at-konni-medical-college-
