പണമിട്ടു കൊടുത്താൽ പാൽ ലഭിക്കുന്ന മിൽക് എടിഎം അടൂർ പതിനാലാംമൈലിൽ പ്രവർത്തനസജ്ജമായി.
അടൂർ ∙ പണമിട്ടു കൊടുത്താൽ പാൽ ലഭിക്കുന്ന മിൽക് എടിഎം അടൂർ പതിനാലാംമൈലിൽ പ്രവർത്തനസജ്ജമായി. മേലൂട് ക്ഷീരോൽപാദക സഹകരണ സംഘമാണ് ഗുണഭോക്താക്കൾക്ക് ഏതുസമയത്തും പാൽ ലഭിക്കാനുള്ള മിൽക് എടിഎം സജ്ജമാക്കിയത്. 10, 20, 50, 100, 200 നോട്ടുകളിൽ ഏതെങ്കിലുമൊന്നോ സംഘം നൽകുന്ന പ്രത്യേക കാർഡോ എടിഎമ്മിൽ ഇട്ടുകൊടുക്കുകയോ അല്ലെങ്കിൽ യുപിഐ വഴിയോ പണം നൽകാം. ശേഷം കുപ്പിയോ, പാത്രമോ വച്ചാൽ ആവശ്യത്തിനുള്ള പാൽ കിട്ടും.
മേലൂട് ക്ഷീരസംഘത്തിൽ അളക്കുന്ന പാൽ അപ്പോൾത്തന്നെ ഗുണനിലവാരം ഉറപ്പുവരുത്തി എടിഎമ്മിൽ ശേഖരിച്ചത് ശീതീകരിച്ചാണ് സൂക്ഷിക്കുന്നത്. ജില്ലയിൽ ആദ്യമായിട്ടാണ് മിൽക് എടിഎം പ്രവർത്തനമാരംഭിച്ചിരുന്നതെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു.എടിഎമ്മിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി.
സംഘം പ്രസിഡന്റ് എ.പി.ജയൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.മണിയമ്മ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.തുളസീധരൻപിള്ള,
എ.പി.സന്തോഷ്, റോഷൻ ജേക്കബ്, ആര്യ വിജയൻ, പഞ്ചായത്ത് അംഗങ്ങളായ ദിവ്യ അനീഷ്, റോസമ്മ സെബാസ്റ്റ്യൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പഴകുളം ശിവദാസൻ, ടി.മുരുകേഷ്, സംഘം വൈസ്പ്രസിഡന്റ് വിനിതാകുമാരി, ഭരണസമിതി അംഗങ്ങളായ വി.എൻ.വിദ്യാധരൻ, രമ നിലാംബരൻ, ശാന്തമ്മ, ബ്ലോക്ക് ഡിഇഒ പ്രദീപ്കുമാർ, സംഘം സെക്രട്ടറി അശ്വതി തുടങ്ങിയവർ പ്രസംഗിച്ചു.
milk atm
