രോഗീപരിചരണരംഗത്ത് പൂർണസമയ സേവനപ്രവർത്തകരാകാൻ കുടുംബശ്രീ അംഗങ്ങൾ
പത്തനംതിട്ട : രോഗീപരിചരണരംഗത്ത് പൂർണസമയ സേവനപ്രവർത്തകരാകാൻ കുടുംബശ്രീ അംഗങ്ങൾ. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും വിജ്ഞാനകേരളം പദ്ധതിയുടെയും സഹകരണത്തോടെ കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച ‘സാന്ത്വനമിത്ര’ പദ്ധതിയിലൂടെ കിടപ്പുരോഗികൾക്കാണ് പരിചരണം ഒരുക്കുക.
കേരള കെയർ സർവീസ് ഡാഷ് ബോർഡ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ 9260 കിടപ്പുരോഗികളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 25 ശതമാനം കുടുംബങ്ങളെങ്കിലും പരിചരണം നൽകുന്ന ആളിന്റെ സേവനം ആവശ്യമുള്ളവരോ, നിലവിൽ പ്രയോജനപ്പെടുത്തുന്നവരോ ആണെന്നാണ് വിലയിരുത്തൽ. നിലവിൽ ഈ സേവനങ്ങൾ നൽകുന്നത് സ്വകാര്യ ഹോംനഴ്‌സിങ് ഏജൻസികൾ മുഖേനയാണ്. പ്രാദേശികമായി ആളുകളെ ലഭിക്കാത്ത അവസ്ഥയും പരിശീലനത്തിന്റെയും മേൽനോട്ടത്തിന്റെയും അഭാവവും ഇവിടെയുണ്ട്.
സർക്കാർമേഖലയിൽ തദ്ദേശഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർണസമയ പരിചരണം നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത് പരിഹരിക്കാനാണ് സാന്ത്വനമിത്ര ആവിഷ്കരിക്കുന്നത്.
സിഡിഎസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സേവന പരിചരണ തൊഴിൽരംഗത്തേക്കുവരാൻ താത്‌പര്യമുള്ള കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അതത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഇവർക്കാവശ്യമായ പരിശീലനം നൽകി, രോഗീപരിചരണത്തിന് പ്രാപ്തരാക്കും. ജില്ലയിൽ ആദ്യഘട്ടത്തിൽ 500 അംഗങ്ങൾക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം. തുടർന്ന് ആരോഗ്യവകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള പാലിയേറ്റീവ് രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് പൂർണസമയ പരിചരണം ആവശ്യമായവരുടെ പട്ടിക തയ്യാറാക്കും. ഇവർക്ക് പരിശീലനം ലഭിച്ച സാന്ത്വനമിത്ര അംഗങ്ങളുടെ സേവനങ്ങൾ ഉറപ്പാക്കും. പഞ്ചായത്തുതലത്തിൽ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയാണ് നിയമനം നടത്തുന്നത്. പരിശീലനം ലഭിച്ച അംഗങ്ങളുടെ കൂട്ടായ്മസംരംഭമായി രജിസ്റ്റർ ചെയ്യാനുമാകും. ബ്ലോക്കുതലത്തിൽ ക്രമീകരിച്ചിരിക്കുന്ന കോൾസെന്ററുകൾ വഴിയും പൊതുജനങ്ങൾക്ക് സാന്ത്വനമിത്രയുടെ സേവനം ആവശ്യപ്പെടാം. ഇതിനുള്ള നടപടി വൈകാതെ സജ്ജമാകും.
bedridden patients
