ശബരിമല ദ്വാരപാലക പാളികളിലെ സ്വർണക്കവർച്ചക്കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ റിമാൻഡ് നീട്ടും
റാന്നി ∙ ശബരിമല ദ്വാരപാലക പാളികളിലെ സ്വർണക്കവർച്ചക്കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ റിമാൻഡ് നീട്ടും. കൂടാതെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഇന്ന് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെയാകും കോടതി നടപടികൾക്കു ഹാജരാക്കുക. പോറ്റിയുടെ റിമാൻഡ് ഇന്നാണ് അവസാനിക്കുക. റിമാൻഡ് വീണ്ടും 14 ദിവസത്തേക്കു നീട്ടും. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ നവംബർ 3നു പോറ്റിയെ കസ്റ്റഡിയിൽ വാങ്ങാനാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നീക്കം. ഇതിനായി പ്രൊഡക്ഷൻ വാറന്റ് സമർപ്പിക്കും. കട്ടിളപ്പാളി കേസിലാണു 2019ലെ ദേവസ്വംബോർഡും കമ്മിഷണറും പ്രതിപ്പട്ടികയിൽ വരുന്നത്.
കസ്റ്റഡി കാലാവധിയുടെ അവസാന ദിവസമായ ഇന്നലെ പോറ്റിയെ റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ഉച്ചകഴിഞ്ഞ് 2.30നാണ് പോറ്റിയുമായി സംഘം കോടതിയിലെത്തിയത്. 2.52ന് ഉച്ചകഴിഞ്ഞുള്ള ആദ്യ കേസായി ഇതു പരിഗണിച്ചു. തുറന്ന കോടതിയിലാണു കേസ് പരിഗണിച്ചത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് രോഗങ്ങളുണ്ടെന്നു ചികിത്സ ഉറപ്പാക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നു കോടതി അന്വേഷണ സംഘത്തോട് നിർദേശിച്ചു. 3.10നു നടപടി പൂർത്തിയാക്കി 3.15ന് പോറ്റിയുമായി എസ്ഐടി മടങ്ങി. ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിലെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുന്ന മുരാരി ബാബുവിനെ ഇന്നു റാന്നി കോടതിയിൽ ഹാജരാക്കും.
തൊണ്ടിയായി പിടിച്ചെടുത്ത ആഭരണങ്ങളും പണവും അന്വേഷണ സംഘം ഇന്നലെയും കോടതിയിൽ ഹാജരാക്കി. എന്നാൽ കോടതി സമയം കഴിഞ്ഞെന്നും അളവും മൂല്യവും കണക്കാക്കാൻ സമയമില്ലെന്നും കാട്ടി ഇത് എസ്ഐടിക്കു മടക്കി നൽകി. ഈ തൊണ്ടി മുതൽ ഇന്നു ഹാജരാക്കും. ഇതു പോറ്റിയുടെ ബെംഗളൂരുവിലുള്ള ഫ്ലാറ്റിൽ നിന്നു പിടിച്ചെടുത്തതാണെന്നു കരുതുന്നു. ഇതിൽ മുത്തുമാലകളടക്കം ഉൾപ്പെടുന്നെന്നാണു സൂചന. നേരത്തെ ബെള്ളാരിയിൽ നിന്നു പിടിച്ചെടുത്ത സ്വർണക്കട്ടികൾ ഉൾപ്പെടെ 602 ഗ്രാം സ്വർണം ഹാജരാക്കിയ സമയത്തും പണം ഹാജരാക്കിയെന്നാണു സൂചന.
കട്ടിളപ്പാളിയുടെ അന്വേഷണത്തിലേക്കു കേസ് കടക്കുമ്പോൾ അതു ബോർഡിന്റെ ഉന്നതരിലേക്ക് എത്തുമോയെന്ന കാര്യം നിർണായകമാണ്. ദേവസ്വംബോർഡ് മുൻ കമ്മിഷണർ 3ാം പ്രതിയും ദേവസ്വംബോർഡ് 8ാം പ്രതിയുമാണ് ഈ കേസിൽ. 2019 മാർച്ചിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിലേക്കു സ്വർണം പൊതിഞ്ഞ വാതിൽ സമർപ്പിച്ചിരുന്നു. ഇതിനു ശേഷം 2019 മേയിലാണു കട്ടിളപ്പാളികളിൽ സ്വർണം പൂശാൻ പോറ്റിയുടെ കൈവശം നൽകിയത്. ഇതിൽ അന്നത്തെ ദേവസ്വംബോർഡ് അംഗങ്ങളുടെയും കമ്മിഷണറുടെയും മൊഴിയെടുക്കേണ്ടി വരും. അങ്ങനെ വന്നാൽ അതു സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും.
ranni-court-news-sabarimala-gold-smuggling
