സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന റജിസ്‌ട്രേഷന്‍ സീരീസ് നല്‍കുന്നതു സംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി.
തിരുവനന്തപുരം∙ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന റജിസ്‌ട്രേഷന്‍ സീരീസ് നല്‍കുന്നതു സംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി. കെഎല്‍ 90, കെഎല്‍ 90 ഡി സീരീസിലാണ് സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുക. കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങൾക്ക് കെഎല്‍ 90 എ, കെഎല്‍ 90 ഇ എന്നീ നമ്പറുകള്‍ ആയിരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ കെഎല്‍ 90 ബി, കെഎല്‍ 90 എഫ് എന്നാവും റജിസ്റ്റര്‍ ചെയ്യുക. കെഎസ്ആര്‍ടിസിയുടെ നമ്പര്‍ കെഎല്‍ 15 ആയി തന്നെ തുടരും. അര്‍ധ സര്‍ക്കാര്‍സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, വിവിധ കോർപറേഷനുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് കെഎല്‍ 90 സി സീരീസിലും റജിസ്‌ട്രേഷന്‍ നല്‍കും.
സര്‍ക്കാര്‍ വാഹനങ്ങളെല്ലാം നിലവില്‍ അതതു ജില്ലകളിലെ ആര്‍ടി ഓഫിസുകളിലാണ് റജിസ്റ്റര്‍ ചെയ്യുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്-2ല്‍ റജിസ്റ്റര്‍ ചെയ്യും. സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കാനും വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനുമാണ് ഈ സംവിധാനം. കെഎസ്ആര്‍ടിസി വാഹനങ്ങള്‍ തിരുവനന്തപുരം റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് -1 ലാണ് റജിസ്റ്റര്‍ ചെയ്യുന്നത്.
kl-90-registration-kerala-government-vehicles
