കലക്ടർ എസ്.പ്രേം കൃഷ്ണന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തു വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളും വാട്സാപ് നമ്പറും
പത്തനംതിട്ട ∙ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകളുടെ എണ്ണം അതിരു കടന്നതോടെ തന്റെ സജീവമല്ലാത്ത സമൂഹ മാധ്യമ അക്കൗണ്ട് കലക്ടർ എസ്.പ്രേം കൃഷ്ണൻ നിർജീവമാക്കി. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം പത്തനംതിട്ട കലക്ടറുടെ പേരിൽ വാട്സാപ്പിൽ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പിനു ശ്രമം നടന്നു. ഈ നമ്പറിൽനിന്നു തിരുവല്ല സബ് കലക്ടർക്കു സന്ദേശം ലഭിച്ചതോടെയാണു തട്ടിപ്പ് പുറത്തറിഞ്ഞത്. സബ് കലക്ടർ ഉടൻ കലക്ടറെ വിവരമറിയിച്ചു. കലക്ടർ എസ്.പ്രേം കൃഷ്ണൻ പത്തനംതിട്ട സൈബർ പൊലീസിൽ പരാതി നൽകി.
കലക്ടറുടെ ചിത്രം ഉൾപ്പെടെ ഉപയോഗിച്ചാണു വ്യാജ പ്രൊഫൈലുണ്ടാക്കിയത്. വിയറ്റ്നാമിൽ നിന്നുള്ള നമ്പറാണു വാട്സാപ്പിലെ വ്യാജ പ്രൊഫൈലിനായി ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തട്ടിപ്പുകാർ എവിടെ നിന്നുള്ളവരാണെന്നു കണ്ടെത്താനായിട്ടില്ല. തന്റെ പേരിൽ നിയന്ത്രണമില്ലാതെ വ്യാജ പ്രൊഫൈലുകൾ ഉണ്ടായെന്നും പരിചയമുള്ളവർക്ക് ഉൾപ്പെടെ വ്യാജ പ്രൊഫൈലിൽനിന്ന് സന്ദേശങ്ങൾ പോയെന്നും കലക്ടർ പറഞ്ഞു. പിആർഡി ഡയറക്ടറുടെയും എറണാകുളം കലക്ടറുടെയും പേരിലും കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ വാട്സാപ് പ്രൊഫൈലുകളുണ്ടാക്കിയിരുന്നു. ഒറ്റ നോട്ടത്തിൽ ചിത്രം ഉൾപ്പെടെ യഥാർഥമെന്നു തോന്നുന്നതിനാൽ തട്ടിപ്പിനിരയാകാൻ സാധ്യത കൂടുതലാണ്.
pathanamthitta-collector-fake-profile-scam
