ഒടുവിൽ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രി കടകംപള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.
തിരുവനന്തപുരം ∙ ഒടുവിൽ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രി കടകംപള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. അടുത്തതാര് ?
സർക്കാരിനും സിപിഎമ്മിനും ചങ്കിടിപ്പേറുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തേക്കു സിപിഎം നിയോഗിച്ച എ.പത്മകുമാറും എന്‍.വാസുവും അറസ്റ്റിലായതിനു പിന്നാലെ പാര്‍ട്ടി നിയോഗിച്ച പി.എസ്.പ്രശാന്തിനെയും ചോദ്യം ചെയ്തിരിക്കുന്നു. സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടി നേതാക്കള്‍ ഭരിച്ച ദേവസ്വം ബോര്‍ഡുകള്‍ക്കു പങ്കില്ലെന്ന് ആദ്യഘട്ടത്തില്‍ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ കൂടിയാണ് പൊളിയുന്നത്.
കടകംപള്ളി സുരേന്ദ്രന് ഏറെ അടുപ്പമുള്ള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍.വിജയകുമാര്‍. വിശ്വാസി സമൂഹത്തെയാകെ വലിയ ആശങ്കയിലാക്കിയ വൈകാരികമായ വിഷയത്തില്‍ പാര്‍ട്ടിക്ക് ഏറെ വേണ്ടപ്പെട്ട ഒരു കൂട്ടം നേതാക്കള്‍ സംശയനിഴലില്‍ ആയതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് അണികളോടു വിശദീകരിക്കാന്‍ ജനുവരി 15 മുതല്‍ വീടുകള്‍ കയറിയിറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നതിനിടെയാണ് എസ്‌ഐടിയുടെ പുതിയ നീക്കങ്ങള്‍. വീടുകളിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ കടുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കരുതേണ്ട നിലയിലാണ് നേതാക്കള്‍. ശനിയാഴ്ചയാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്.
പിറ്റേന്നു കടകംപള്ളി ഉള്‍പ്പെടെ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമാണ് ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ വീടുകയറി പ്രചാരണത്തിനു തീരുമാനമെടുത്തിരിക്കുന്നത്. ശബരിമല യുവതീപ്രവേശ സമയത്ത് പ്രസിഡന്റായിരുന്ന എ.പത്മകുമാര്‍ കേസില്‍ ദിവസങ്ങളായി ജയിലില്‍ കഴിയുകയാണ്. ശബരിമല സ്വര്‍ണം പൂശല്‍ സംബന്ധിച്ച് അപേക്ഷ ആദ്യം കിട്ടിയത് സര്‍ക്കാരിനാണെന്നും അവിടെനിന്ന് കൈമാറി വന്നതാണ് ബോര്‍ഡ് പരിഗണിച്ചതെന്നും പത്മകുമാര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയായിരുന്ന കടകംപള്ളിയുടെ മൊഴിയെടുത്തിരിക്കുന്നത്. എന്നാല്‍ എല്ലാം ബോര്‍ഡിന്റെ തലയില്‍ വച്ച് ഒഴിഞ്ഞിരിക്കുകയാണ് കടകംപള്ളി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പരസ്പരം പഴിചാരുമ്പോള്‍ മുഖം നഷ്ടമാകുന്നത് പാര്‍ട്ടിക്കാണെന്ന വിലയിരുത്തലാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്.
sabarimala-gold-robbery-kadakampally-surendran-questioned-cpm-crisis-deepens
