ശാന്തകുമാരിയുടെ ഓർമകളിൽ പുന്നയ്ക്കൽ തറവാട്
കോഴഞ്ചേരി ∙ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി യാത്രയാകുമ്പോൾ ഇലന്തൂരിനുമുണ്ട് ഓർമകൾ. ഇലന്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന പുന്നയ്ക്കൽ പി.എസ്.ശ്രീധരൻ പിള്ളയുടെ സഹോദരി പുന്നയ്ക്കൽ ഗൗരിക്കുട്ടിയമ്മയുടെയും ഡപ്യൂട്ടി തഹസിൽദാരായിരുന്ന പത്മനാഭപിള്ളയുടെയും മകളായാണ് ശാന്തകുമാരി ജനിച്ചത്. ഇലന്തൂരിലും പത്തനംതിട്ട കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിനു സമീപത്തെ അച്ഛന്റെ വീട്ടിലുമായിട്ടാണു വളർന്നത്.
ഇലന്തൂർ പരിയാരം മണപ്പാടത്ത് വീട്ടിൽ പാർവത്യാരായിരുന്ന രാമൻ നായരുടെയും ഗൗരിക്കുട്ടിയമ്മയുടെയും മൂത്തമകനാണ് മോഹൻലാലിന്റെ പിതാവ് വിശ്വനാഥൻ നായർ. മകന് സെക്രട്ടേറിയറ്റിൽ ജോലി കിട്ടിയപ്പോൾ തന്നെ രാമൻ നായർ കല്യാണാലോചനകളും തുടങ്ങി. അങ്ങനെയാണ് കൂട്ടുകാരൻ പാർവത്യാർ കല്ലിൽ കൃഷ്ണപിള്ളയെയും കൂട്ടി മകനു വേണ്ടി തിരുവനന്തപുരത്തു ഒരു പെണ്ണിനെ കാണാൻ പോയത്. തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് പുന്നക്കൽ വീട്ടിലെ ശാന്തകുമാരിയുടെ കാര്യം വിശ്വനാഥൻ നായർ തന്നെ നേരിട്ടു അച്ഛനോടു പറഞ്ഞത്. വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും വിവാഹം ഇലന്തൂരിലാണ് നടന്നത്.
ഇവരുടെ വീടുകൾ തമ്മിൽ കേവലം ഒരു കിലോമീറ്റർ മാത്രമാണ് ദൂരം. സെക്രട്ടേറിയറ്റിൽ ജോലിക്കാരനായ ഭർത്താവ് വിശ്വനാഥൻ നായർക്കൊപ്പം വിവാഹശേഷം തിരുവനന്തപുരത്ത് താമസം തുടങ്ങിയെങ്കിലും മോഹൻലാലും ചേട്ടൻ പ്യാരിലാലും പിറന്നത് ഇലന്തൂർ പുന്നയ്ക്കൽ തറവാട്ടിലായിരുന്നു. മക്കൾക്ക് അവധിക്കാലമാകുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ സ്ഥിരമായി നാട്ടിലെത്തി ദിവസങ്ങളോളം താമസിച്ചിരുന്ന അവർ ബന്ധുവീടുകളിലും അടുപ്പമുള്ളവരുടെ വീടുകളിലും എത്തി സൗഹൃദം നിലനിർത്തിയിരുന്നു. ശാന്തകുമാരി ഏറ്റവും അവസാനമായി നാട്ടിൽ എത്തിയത് 15 വർഷം മുൻപാണ്.
ഇന്ന് കുടുംബത്തിലെ അടുത്ത തലമുറയിലെ ആരും തറവാട്ടിൽ താമസമില്ല. വല്യമ്മാവൻ ശ്രീധരൻപിള്ളയുടെ മകൾ മാവേലിക്കരയിൽ താമസിക്കുന്ന ശ്രീലേഖ വീട് നോക്കാനും മറ്റുമായി ഇടയ്ക്കിടെ കുടുംബത്തിലെത്തും. ശ്രീലേഖയുടെ സഹോദരി ശ്രീലതയും കുടുംബത്തിലെത്താറുണ്ട്.
punnakal-tharavadu-shanthakumari-memory
