നാലു പതിറ്റാണ്ടോളം പഴക്കമുള്ള നഗരസഭാക്കെട്ടിടം നഗരമധ്യത്തിൽ അപകടഭീഷണിയുയർത്തുന്നു
പത്തനംതിട്ട ∙ നാലു പതിറ്റാണ്ടോളം പഴക്കമുള്ള നഗരസഭാക്കെട്ടിടം നഗരമധ്യത്തിൽ അപകടഭീഷണിയുയർത്തുന്നു. സെൻട്രൽ ജംക്‌ഷനിലാണ് അൺഫിറ്റായ കെട്ടിടം നിലകൊള്ളുന്നത്. ഒന്നും രണ്ടും നിലകളിലെ ഷെയ്ഡിന്റെ സിമന്റുപാളികൾ അടർന്ന് കമ്പികൾ തെളിഞ്ഞ നിലയിലാണ്. നഗരസഭയുടെ പഴയ ഷോപ്പിങ് കോംപ്ലക്സാണിത്. കെട്ടിടം ഉപയോഗയോഗ്യമല്ലെന്നു നഗരസഭാ ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു.
അറ്റകുറ്റപ്പണിക്ക് ഇടക്കാലത്ത് പണം അനുവദിച്ചിരുന്നെങ്കിലും കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമിക്കുകയാണ് ഗുണകരമെന്നായിരുന്നു കണ്ടെത്തൽ. പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള പദ്ധതിരേഖ തയാറാക്കുന്നതിന് കഴിഞ്ഞ വർഷം ജനുവരിയിൽ അനുമതി ലഭിച്ചിരുന്നു. മാസ്റ്റർ പ്ലാനിലെ വിശദ നഗരാസൂത്രണ പദ്ധതിപ്രകാരം സെൻട്രൽ ഏരിയയിൽ പുതിയ നിർദേശം വന്നതിന്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ, ഇതുവരെയും തുടർനടപടികളുണ്ടായിട്ടില്ല.
മിനി സിവിൽ സ്റ്റേഷന് അരികിലായാണു അപകടാവസ്ഥയിലുള്ള കെട്ടിടം. 3 നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചില വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കോടതികളിലേക്കും ഓഫിസുകളിലേക്കും മാർക്കറ്റിലേക്കുമുൾപ്പെടെ ഒട്ടേറെപ്പേരാണ് ദിവസേന ഈ വഴി കടന്നുപോകുന്നത്. കെട്ടിടത്തിന് മുന്നിലായുള്ള റോഡിലും വാഹനങ്ങളുടെ വൻതിരക്കാണ്.
pathanamthitta-municipal-building-hazard

