പുസ്തകവായന മരിക്കുന്നില്ലെന്ന പ്രഖ്യാപനവുമായി നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; ഫേസ്ബുക് പോസ്റ്റ് പങ്കുവച്ച് പിണറായി വിജയൻ
നിയമനിർമ്മാണത്തിനും രാഷ്ട്രീയ സംവാദങ്ങൾക്കും മാത്രമാണ് നിയമസഭകൾ എന്ന പരമ്പരാഗത ധാരണയെ തിരുത്തിക്കുറിക്കുന്നതാണ് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തകവായന മരിക്കുന്നില്ലെന്ന പ്രഖ്യാപനവുമായി സംഘടിപ്പിക്കുന്ന മേളയുടെ നാലാം പതിപ്പിന് തുടക്കമായ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. കേവലം നിയമനിർമ്മാണ സഭ എന്നതിനപ്പുറം, നമ്മുടെ സംസ്കാരത്തെ അടയാളപ്പെടുത്താനും സമ്പുഷ്ടീകരിക്കാനുമുള്ള വേദിയായി നിയമസഭ മാറണമെന്ന നിലപാടിലാണ് ഇത്തരം പുസ്തകോത്സവങ്ങൾ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുസ്തകവായന പുതിയ രൂപങ്ങളിലേക്ക് മാറുന്ന കാലത്തും വായനയുടെ പ്രാധാന്യം വിളിച്ചോതാനാണ് ഇത്തരം മേളകൾ ലക്ഷ്യമിടുന്നത്. എന്നാൽ, പുസ്തകങ്ങളുടെ ഉയർന്ന വിലയും വലിയ സംഘാടന ചെലവും കാരണം പുസ്തകോത്സവങ്ങൾ സാധാരണ സമൂഹത്തിൽ നിന്ന് അകന്നുപോകാതെ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വായനയും പുസ്തകങ്ങളും എല്ലാവർക്കും പ്രാപ്യമായ രീതിയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
നിയമനിർമ്മാണത്തിനും ജനപ്രതിനിധികളുടെ രാഷ്ട്രീയ സംവാദങ്ങൾക്കും മാത്രമാണ് നിയമസഭകൾ എന്ന ധാരണയെ തിരുത്തിക്കുറിച്ച വേദിയാണ് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം. നമ്മുടെ സംസ്കാരത്തെ അടയാളപ്പെടുത്താനും കൂടുതൽ സമ്പുഷ്‌ടീകരിച്ചു മുന്നോട്ട് കൊണ്ടുപോകാനുമുള്ള വേദിയാവണം നിയമസഭ എന്ന നിലപാടിലൂന്നിയ പുസ്തകോത്സവംത്തിന്റെ നാലാം പതിപ്പിന് ഇന്ന് തുടക്കമായി.
പുസ്തകവായന നൂതനമായ പല രൂപങ്ങളിലേക്കും മാറിയ കാലം കൂടിയാണിത്. പുസ്തകങ്ങളോ പുസ്തകവായനയോ മരിക്കുന്നില്ല എന്ന് ഇത്തരം പുസ്തകോത്സവങ്ങളിലൂടെ നാം ലോകത്തോടു വിളിച്ചു പറയുകയാണ്. എന്നാല്‍, വിലകൊണ്ടു പുസ്തകങ്ങളും സംഘാടനചെലവിന്റെ ആധിക്യം കൊണ്ടു പുസ്കോത്സവങ്ങളും സമൂഹത്തില്‍ നിന്ന് അകന്നുപോകാതെ നോക്കേണ്ടതുണ്ട്.
നമ്മുടെ സമൂഹത്തെ ജീവിതയോഗ്യമല്ലാതെയാക്കുന്ന വിധത്തില്‍ മനുഷ്യനെ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വേര്‍തിരിക്കുന്നതും ജാതിസ്പര്‍ദ്ധയും മതസ്പര്‍ദ്ധയും വളര്‍ത്തുന്നതുമായ കുത്സിത നീക്കങ്ങളുണ്ടാവുന്നു. എഴുത്തുകാരെ ഭീഷണിപ്പെടുത്തി പേന താഴെവയ്പ്പിക്കുന്നു. പുസ്തകങ്ങള്‍ പോലും നിരോധിക്കപ്പെടുന്നു. അസഹിഷ്ണുത ഇത്ര ഭീകരമായി അഭിപ്രായ സ്വാതന്ത്ര്യത്തെ, എഴുത്തിനുള്ള സ്വാതന്ത്ര്യത്തെ ഞെരിച്ചമര്‍ത്തിയ മറ്റൊരു ഘട്ടമില്ല. ഒരു സമൂഹമെന്ന നിലയ്ക്ക് സ്നേഹത്തോടെയും സമാധാനത്തോടെയുമുള്ള നമ്മുടെ മുന്നോട്ടുപോക്കിനെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളുണ്ടാവുന്നു. ഇതിനൊക്കെയെതിരെ ജാഗ്രത പുലര്‍ത്താനും നമ്മുടെ ഒരുമയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള നീക്കങ്ങളെ ചെറുക്കാനും എഴുത്തുകാരും വായനക്കാരും ഉള്‍പ്പെടെ പുസ്തകങ്ങളെ സ്നേഹിക്കുന്ന എല്ലാവരും മുന്നിട്ടിറങ്ങണം. നാടിനെ ക്രിയാത്മകമായി മുന്നോട്ടുനയിക്കാനുള്ള സമാധാനാന്തരീക്ഷത്തിനായി എല്ലാവരും കൈകോർക്കേണ്ടതിന്റെ ആവശ്യകത നാലാമത് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രധാന ചർച്ചയാകും.
assembly-book-festival-prepares-letter-shield-against-intolerance-pinarayi-vijayan-shares-facebook-post
