പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര മനോരമ ജംഗ്ഷൻ കയ്യുംകല്ലിൽ വീട്ടിൽ വിനീഷ് രാജീവ് (20) ആണ് എറണാകുളത്തു നിന്ന് പിടിയിലായത്. ഒക്ടോബർ 23 വെള്ളിയാഴ്ചയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയത്. കേസ് രജിസ്റ്റർ ചെയ്ത മലയാലപ്പുഴ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ എറണാകുളത്തുനിന്നും പിടികൂടുകയായിരുന്നു.
പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ ജെ.ജോഷി, ഷെമിമോള്‍, എ.എസ്.ഐ. മാത്യു എബ്രഹാം, ഉദ്യോഗസ്ഥരായ ഡിക്രൂസ് ഗബ്രിയൽ, ഇർഷാദ്, അനൂപ്, വൈശാഖ് ജി.എസ്., ഗോപകുമാർ, ദർശന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് (പോക്സോ) കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
pathanamthitta

