മണ്ഡലകാലത്തെ റോഡ് സുരക്ഷയ്ക്കായി മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിക്ക് തുടക്കം
പീരുമേട് ∙ മണ്ഡലകാലം റോഡ് സുരക്ഷയ്ക്കായി മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കുട്ടിക്കാനത്ത് കൺട്രോൾ റും തുറന്നു. തീർഥാടകർ കടന്നു പോകുന്ന പാതകളിൽ 24 മണിക്കൂറും ഉദ്യോഗസ്ഥ സംഘത്തിന്റെ പട്രോളിങ് ആരംഭിച്ചു. കുട്ടിക്കാനം- മുണ്ടക്കയം, കുട്ടിക്കാനം- വണ്ടിപ്പെരിയാർ, കുട്ടിക്കാനം- മാട്ടുക്കട്ട, കുമളി- സത്രം, വണ്ടിപ്പെരിയാർ- സത്രം, മാട്ടുക്കട്ട- കമ്പംമെട്ട് എന്നിങ്ങനെയാണ് തീർഥാടകർ സഞ്ചരിക്കുന്ന റോഡുകളെ ആറായി തരം തിരിച്ചാണ് 24 മണിക്കൂറും പട്രോളിങ് നടത്തുക.
സുരക്ഷ ഉറപ്പാക്കാനും തീർഥാടകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനും വേണ്ടി ലഘുലേഖകൾ, വാഹനങ്ങളിൽ പതിപ്പിക്കുന്ന സ്റ്റിക്കറുകൾ തുടങ്ങിയവ വിതരണം ചെയ്യും. മുഴുവൻ സമയവും സഹായങ്ങൾ ലഭ്യമാക്കുന്നതിന് ഹെൽപ് ലൈൻ നമ്പറുകൾ തീർഥാടകർക്ക് കൈമാറും. റോഡിൽ തകരാറിലാകുന്ന വാഹനങ്ങൾക്കായി മൊബൈൽ വർക്‌ഷോപ്പും ക്രെയിൻ സംവിധാനവും ഒരുക്കും. അപകടത്തിൽപെടുന്നവരെ ആശുപത്രികളിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യവും പദ്ധതിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
റോഡ് പരിചയമില്ലാത്ത ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ഡ്രൈവർമാർക്ക് കൊടുംവളവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ റോഡിനെ കുറിച്ച് മുന്നറിയിപ്പുകളും നൽകും. കുട്ടിക്കാനത്തിനു പുറമേ എരുമേലി, ഇലവുങ്കൽ എന്നിവിടങ്ങളിലും സേഫ് സോൺ സേവനമുണ്ട്. കുട്ടിക്കാനത്ത് പ്രവർത്തിക്കുന്ന ഓഫിസിന്റെ ഉദ്ഘാടനം ഇടുക്കി ആർടിഒ പി.എം.ഷബീർ നിർവഹിച്ചു. ഹെൽപ് ലൈൻ നമ്പർ കുട്ടിക്കാനം: 9446037100, എരുമേലി: 9496367974, ഇലവുങ്കൽ: 9400044991.
safe-zone-project-pilgrim-safety
