തിരഞ്ഞെടുപ്പുകാലം നേട്ടമാകുന്ന ഒട്ടേറെ തൊഴിൽമേഖലകളുണ്ട് ; അതിലൊന്നാണ് ഓഡിയോ സ്റ്റുഡിയോകൾ
പത്തനംതിട്ട : തിരഞ്ഞെടുപ്പുകാലം സ്ഥാനാർഥികൾക്ക് ചെലവും സമ്മർദവും ഏറുന്ന കാലമാണ്. എന്നാൽ അതേ കാലം നേട്ടമാകുന്ന ഒട്ടേറെ തൊഴിൽമേഖലകളുണ്ട്. അതിലൊന്നാണ് ഓഡിയോ സ്റ്റുഡിയോകൾ. പ്രത്യേകിച്ചും പ്രാദേശിക ഇടങ്ങളിലുള്ള സ്റ്റുഡിയോകൾക്ക് വലിയതോതിൽ ജോലിലഭിക്കുന്ന സമയമാണ് തദ്ദേശതിരഞ്ഞെടുപ്പ്. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ വലിയ സ്റ്റുഡിയോകളാണ് നേട്ടം കൊയ്യുക. തദ്ദേശ തിരഞ്ഞെടുപ്പിൽ ചെലവഴിക്കുന്ന തുകയുടെ പരിമിതിയുള്ളതിനാലും കൂടുതൽ സ്ഥാനാർഥികളുള്ളതിനാലും പ്രാദേശികമായി പ്രവർത്തിക്കുന്ന സ്റ്റുഡിയോകൾക്കാണ് കൂടുതൽ നേട്ടം.
അനൗൺസ്മെന്റ് റെക്കോഡ് ചെയ്യുന്ന ജോലിയാണ് പ്രധാനമായും ഉണ്ടാവുക. ചിലർ അല്പംകൂടി കടന്ന് തിരഞ്ഞെടുപ്പ് ഗാനങ്ങളും ചെയ്യിക്കും. പക്ഷേ തിരഞ്ഞെടുപ്പിന്റെ വർക്കുകൾ ഒന്നിച്ച് എത്തുന്നതിനാൽ സ്റ്റുഡിയോക്കാർക്ക് ഉറക്കംകളഞ്ഞ് പണിയെടുക്കേണ്ടിവരുന്ന സമയംകൂടിയാണ്. എങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയപ്രതീക്ഷയാണ് സ്റ്റുഡിയോ ഉടമകൾക്ക്. മുൻകാലങ്ങളിൽ ഉള്ളതുപോലെ ആൽബം റെക്കോഡിങ് പോലെയുള്ള ജോലികൾ ഇപ്പോൾ കാര്യമായില്ല. സിഡി കാസറ്റുകളുടെ കാലം കഴിഞ്ഞതോടെ ഒരുപാട് പാട്ടുകൾ ഒന്നിച്ച് റെക്കോഡ് ചെയ്യുന്ന പരിപാടികളൊക്കെ നിന്നിട്ടുണ്ട്. പിന്നെ സ്ഥിരമായി ജോലി ലഭിക്കുന്ന സമയം ഉത്സവങ്ങൾ, തിരഞ്ഞെടുപ്പ് തുടങ്ങിയ സമയങ്ങളാണ്.
തദ്ദേശതിരഞ്ഞെടുപ്പ് കാലത്താണ് പ്രാദേശികമായി പ്രവർത്തിക്കുന്ന സ്റ്റുഡിയോകൾ റേറ്റുകൾ പുനർ നിശ്ചയിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പുകാലത്തും 500-രൂപ മുതൽ മുകളിലേക്ക് റേറ്റ് വ്യത്യാസം വരും. നിലവിൽ 2500-3000-മുതലാണ് അനൗൺസ്മെന്റ് റേറ്റുകൾ തുടങ്ങുന്നത്. ശരാശരി അഞ്ച് മിനിറ്റുള്ള അനൗൺസ്മെന്റ് ഓഡിയോയാവും ഉണ്ടാവുക. ഉള്ളടക്കത്തിന്റെ ദൈർഘ്യം കൂടുന്നതിനനുസരിച്ച് തുകയും കൂടും. പറയേണ്ട കാര്യങ്ങൾ എഴുതി നൽകിയാൽ മതി ബാക്കി സ്റ്റുഡിയോയിൽ ചെയ്യും. ആളിനെ വെച്ച് റെക്കോഡ് ചെയ്ത് മ്യൂസിക് ഒക്കെ ചേർത്ത് ഐറ്റം റെഡിയാക്കി നൽകും. പാട്ടുകൾ ചെയ്യാൻ 4500 മുതൽ മുകളിലേക്കാണ് ചെലവ്. വേണ്ടുന്ന പാട്ടിനനുസരിച്ച് വരികൾ നൽകിയാൽ കരോക്കെ ഇട്ട് ഗായകരെക്കൊണ്ട് പാടിച്ച് നൽകും. അനൗൺസ്മെന്റും പാട്ടുമെല്ലാം ഫുൾ പാക്കേജായിട്ട് ചെയ്യുന്ന സ്റ്റുഡിയോകളും ഉണ്ട്.
അനൗൺസ്മെന്റ് ചെയ്യുന്ന ആളുകൾക്കും തിരക്കേറിയ സമയമാണ് തദ്ദേശതിരഞ്ഞെടുപ്പ്. ഒരു അനൗൺസ്‌മെന്റ് റെക്കോഡ് ചെയ്യാൻ ശരാശരി 1000 രൂപയൊക്കെയാണ് പ്രതിഫലം. തുടരെ ജോലികൾ ഉള്ളതിനാൽ സമയത്ത് ആർട്ടിസ്റ്റുകളെ കിട്ടാനും പ്രയാസമാണ്. തിരഞ്ഞെടുപ്പ് പാരഡിഗാനം ആലപിക്കുന്നവർക്കും ഇതേപോലെയാണ് പ്രതിഫലം.
എഐ സാങ്കേതികവിദ്യയും, നിസ്സാരമായി കൈകാര്യം ചെയ്യാവുന്ന വോയിസ് ആപ്ലിക്കേഷനുകളും മറ്റും സ്റ്റുഡിയോകൾക്ക് വെല്ലുവിളിയാവുന്നുണ്ട്. ഒട്ടേറെ ചെറുപ്പക്കാർ സോഫ്റ്റ്‌വേറുകളുടെ സഹായത്തോടെ പരസ്യ പ്രചാരണത്തിനുള്ള വീഡിയോകളും ഓഡിയോകളും നിർമിക്കുന്നുണ്ട്. സിനിമയിൽ നിന്നുള്ള ബിജിഎം ഒക്കെ ഉപയോഗിച്ചാണ് വീഡിയോ ഒരുക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം ശക്തമായതോടെ പഴയ രീതിയിലുള്ള അനൗൺസ്‌മെന്റുകളും പാരഡി ഗാനങ്ങളും പല സ്ഥാനാർഥികളും ഒഴിവാക്കുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിന്റെ ആവേശവും ഓളവുമൊക്കെ കടുക്കുന്നത് അനൗൺസ്മെന്റും പാരഡി ഗാനങ്ങളുമൊക്കെ ചേരുന്നതോടെയാണ്.
audio studio
