മണ്ഡലകാലം തുടങ്ങിയതോടെ ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ തീർഥാടകവാഹനത്തിരക്കേറി. പക്ഷേ, റോഡിന്റെ അറ്റകുറ്റപ്പണി തീർത്തിട്ടില്ല.
ഏനാത്ത് : മണ്ഡലകാലം തുടങ്ങിയതോടെ ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ തീർഥാടകവാഹനത്തിരക്കേറി. പക്ഷേ, റോഡിന്റെ അറ്റകുറ്റപ്പണി തീർത്തിട്ടില്ല. ഒട്ടേറെ ഇടങ്ങളിൽ റോഡിൽ വിള്ളലും കുഴിയുമുണ്ട്. മുൻപ് പലതവണ അടച്ചതാണിത്. ഓരോതവണ വിള്ളലും കുഴികളും അടയ്ക്കുമ്പോൾ പുതിയത് രൂപപ്പെടും.
മിക്കയിടങ്ങളിലും വെള്ളമൊഴുകിയും പൈപ്പ് പൊട്ടിയുമാണ് കുഴിയുണ്ടായത്.
ഏനാത്ത്, വയല, മണ്ടച്ചൻപാറ എന്നിവിടങ്ങളിലൊക്കെ വളവിനോടുചേർന്നാണ് അപകടകരമായ രീതിയിൽ റോഡിൽ വിള്ളലും കുഴിയുമുള്ളത്. നിലവിൽ ഏഴംകുളം-കൈപ്പട്ടൂർ റോഡിന്റെ നവീകരണം പൂർത്തിയായിട്ടുണ്ട്.
തെക്കൻജില്ലകളിൽനിന്ന് വരുന്ന തീർഥാടകർ പമ്പ പാതയിൽ പ്രവേശിക്കാൻ ഈ വഴി തിരഞ്ഞെടുക്കാറുണ്ട്.
എന്നാൽ, ഇതിന്റെ പൂർണമായ ഗുണം ലഭിക്കണമെങ്കിൽ, ഏനാത്തുമുതൽ ഏഴംകുളംവരെയുള്ള റോഡുകൂടി നവീകരിക്കേണ്ടതുണ്ട്. ജൽജീവൻ മിഷൻ പണിയുടെ ഭാഗമായും ഒട്ടേറെ ഭാഗങ്ങളിൽ റോഡ് തകർന്നിട്ടുണ്ട്.
ഇടയ്ക്കിടെയുള്ള കുഴിയടയ്ക്കലിനുപകരം റോഡ് പൂർണമായി നവീകരിക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.
enaath
