അങ്കത്തട്ടിലെ പോരാളികൾ ആരൊക്കെയെന്ന് ഇന്നറിയാം. തദ്ദേശതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം ഇന്ന് 3 വരെയാണ്
പത്തനംതിട്ട ∙ അങ്കത്തട്ടിലെ പോരാളികൾ ആരൊക്കെയെന്ന് ഇന്നറിയാം. തദ്ദേശതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം ഇന്ന് 3 വരെയാണ്. ഇതിനുശേഷം സ്ഥാനാർഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. നിലവിൽ ഡമ്മി സ്ഥാനാർഥികളുൾപ്പെടെ പത്രിക നൽകിയിട്ടുണ്ട്. ഇവർ മത്സരത്തിൽ നിന്നും പിന്മാറും. എന്നാൽ, മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് സ്ഥാനാർഥിയായി രംഗത്തുള്ള വിമതരിൽ ആരെല്ലാം പത്രിക പിൻവലിക്കുമെന്നതിലാണ് മുന്നണികളുടെ ആകാംക്ഷ. വിമതരുടെ സാന്നിധ്യം സിപിഎമ്മിനും സിപിഐക്കും കോൺഗ്രസിനും ഉൾപ്പെടെ നെഞ്ചിടിപ്പിന് കാരണമാകുന്നു. ജില്ലാ പഞ്ചായത്തിൽ 17 ഡിവിഷനുകളിലായി 58 പേരുടെ നാമനിർദേശ പത്രികകൾക്കാണു അംഗീകാരം കിട്ടിയത്. കഴിഞ്ഞ ദിവസമായിരുന്നു സൂക്ഷ്മപരിശോധന.
4 നഗരസഭകളിൽ 485 സ്ഥാനാർഥികൾ മത്സരിക്കാൻ യോഗ്യത നേടി. അടൂർ 94, പത്തനംതിട്ട 118, തിരുവല്ല 147, പന്തളം 126 എന്നതാണ് സ്ഥാനാർഥികളുടെ എണ്ണം. നഗരസഭകളിൽ പല വാർഡുകളിലും മത്സരരംഗത്ത് വിമതരുടെ സാന്നിധ്യം ഏറെയാണ്. ഇതിൽ പലരും പ്രചാരണരംഗത്തിറങ്ങിയിട്ടുമുണ്ട്. ഒരേ പാർട്ടിയിലും മുന്നണിയിലും പ്രവർത്തിക്കുന്നവർ വരെ പരസ്പരം പോരടിക്കുന്ന കാഴ്ച അടൂർ നഗരസഭയിലുമുണ്ട്. വിമതർക്ക് രഹസ്യപിന്തുണ പാർട്ടിക്കുള്ളിൽ നിന്നും തന്നെ ലഭിക്കുന്നുവെന്ന ആരോപണവുമുണ്ട്.
മത്സരരംഗത്തുനിന്ന് പിൻമാറാൻ വിമതർ തയാറായില്ലെങ്കിൽ പലയിടത്തും പോരാട്ടം കടുക്കും. ഇത് തിരിച്ചറിഞ്ഞ് ഇന്നലെ സമവായചർച്ചകൾ അരങ്ങേറി. ജില്ലാ പഞ്ചായത്തിലും വിമതർ രംഗത്തുണ്ട്. ഗ്രാമപ്പഞ്ചായത്തിലും റിബലുകളുടെ എണ്ണം വളരെയേറെയാണ്. പഞ്ചായത്തിൽ 3286 സ്ഥാനാർഥികളാണ് മത്സരിക്കാൻ യോഗ്യരായത്. 8 ബ്ലോക്ക് പഞ്ചായത്തുകളിൽനിന്ന് സൂക്ഷ്മ പരിശോധനയിലൂടെ യോഗ്യത നേടിയത് 397 സ്ഥാനാർഥികളാണ്.
കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കെതിരെ നാമനിർദേശപത്രിക നൽകിയ പ്രവർത്തകർ ഇന്ന് പത്രിക പിൻവലിക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫിലും ഘടകകക്ഷികൾ തമ്മിൽ ചർച്ച നടത്തി.
rebel-candidates-withdraw-nominations-pressure
