ഒരാഴ്ച മുൻപ് ബിജെപിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതാവ് നിരുപാധികം മാപ്പ് പറഞ്ഞ് കോൺഗ്രസിലേക്ക് മടങ്ങി
പത്തനംതിട്ട ∙ ഒരാഴ്ച മുൻപ് ബിജെപിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതാവ് നിരുപാധികം മാപ്പ് പറഞ്ഞ് കോൺഗ്രസിലേക്ക് മടങ്ങി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടനാണ് രാഷ്ട്രീയ മലക്കം മറിച്ചിൽ നടത്തിയത്. സംഭവിച്ചതൊന്നും തനിക്ക് കൃത്യമായി ഓർമയില്ലെന്നും ഇനിയുള്ള കാലം കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അഖിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ 19ന് പന്തളത്ത് ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജാണ് കുന്നന്താനം സ്വദേശി അഖിലിനെ ഷാൾ അണിയിച്ച് സ്വീകരിച്ചത്. കേന്ദ്രസർക്കാരിന്റെ വികസനപ്രവർത്തനങ്ങളിൽ പങ്കുചേരാനാണ് യൂത്ത് കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരുന്നതെന്ന് സൂരജ് വ്യക്തമാക്കിയിരുന്നു. കുന്നന്താനത്ത് ചേർന്ന ബിജെപി യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വയ്ക്കുന്നതായി അഖിൽ പ്രഖ്യാപിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
എന്നാൽ, ചിലർ ബിജെപിയുടെ ഷാൾ തന്റെ കഴുത്തിൽ ഇട്ട ശേഷം ഫോട്ടോ എടുത്തതാണെന്നും തമാശയായി മാത്രമേ താൻ ഇതിനെ അന്ന് കണ്ടുള്ളുവെന്നുമാണ് അഖിലിന്റെ നിലപാട്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ചതിപ്രയോഗത്തിലൂടെ തന്നെ ബിജെപിക്കാരനാക്കി ചിത്രീകരിക്കുകയായിരുന്നു. തന്റെ രാഷ്ട്രീയപ്രസ്ഥാനത്തിൽ നിന്നു രാജി വച്ചിട്ടില്ലെന്നും അഖിൽ പറഞ്ഞു.
youth-congress-leader-returns-to-congress-after-joining-bjp
