ഇത്തവണയെങ്കിലും ജയിപ്പിക്കണേ?
പന്തളം: തോറ്റ് പിൻമാറാൻ തയാറല്ല...കഴിഞ്ഞ തവണ കൈവിട്ട വാർഡുകളിൽ വീണ്ടും ഭാഗ്യപരീക്ഷണത്തിന് ഒരുകൂട്ടം സ്ഥാനാർഥികൾ. പന്തളം നഗരസഭയിലാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ അതേ ഡിവിഷനുകളിൽ വീണ്ടും മത്സരരംഗത്തുള്ളത്.
പന്തളം നഗരസഭയിലെ നാലാം ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.ഐയിലെ കെ.ജി. വിദ്യയും, പന്ത്രണ്ടാം ഡിവിഷനിൽ സി.പി.ഐ സ്ഥാനാർഥിയായി എൽ.ഡി.എഫിലെ സന്തോഷും, 27ാം ഡിവിഷനിൽ യു.ഡി.എഫിലെ ഗീത പി. നായരുമാണ് വീണ്ടും മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സുനിത വേണു 98 വോട്ടിനാണ് കഴിഞ്ഞതവണ വിദ്യയെ പരാജയപ്പെടുത്തിയത്.
ഇക്കുറി ഇവിടെ യു.ഡി.എഫിലെ ബേബി ശ്രീകുമാർ, ബി.ജെ.പിയിലെ സുധ രാജേഷ് എന്നിവർ മത്സരരംഗത്തുണ്ട്. കഴിഞ്ഞതവണ നഗരസഭയിലെ ഡിവിഷൻ 12 കുരമ്പാല വടക്ക് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച സന്തോഷ് ഇക്കുറിയും അതേ ഡിവിഷനിൽ ജനവിധി തേടുകയാണ്.
ബി.ജെ.പിയിലെ കെ.വി. പ്രഭ എട്ടുവോട്ടിനാണ് കഴിഞ്ഞതവണ വിജയിച്ചത്. ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിയായി കുഞ്ഞുമ്മൻ സാമുവേൽ, ബി.ജെ.പി സ്ഥാനാർഥിയായി ജി. കൃഷ്ണകുമാർ എന്നിവരാണ് മത്സരരംഗത്തുള്ളത്. ഡിവിഷൻ 27 പന്തളം ടൗൺ പടിഞ്ഞാറ്, കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയായ ഗീത പി. നായർ, ബി.ജെ.പിയിലെ രശ്മി രാജീവിനോട് 21 വോട്ടിനാണ് തോറ്റത്.
ഇത്തവണ ഗീത പി. നായരെ കൂടാതെ എൽ.ഡി.എഫിലെ റജീന സലീം, നിലവിലെ ബി.ജെ.പി കൗൺസിലർ രശ്മി രാജീവ് എന്നിവർ ജനവിധി തേടുന്നു. കഴിഞ്ഞതവണ നഗരസഭയിലെ എട്ടാം വാർഡിൽ പരാജയപ്പെട്ട മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. നൗഷാദ് റാവുത്തർ പതിനൊന്നാം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നുണ്ട്.
local-body-election-candidate-news
