ശബരിമല സ്വര്‍ണക്കവര്‍ച്ച ; അന്വേഷണ സംഘം തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ താനല്ല ശബരിമലയില്‍ കൊണ്ടുവന്നതെന്നും ഇക്കാര്യങ്ങള്‍ എല്ലാം എസ്‌ഐടിയോടു പറഞ്ഞിട്ടുണ്ടെന്നും തന്ത്രി കണ്ഠര് രാജീവര്. അറ്റകുറ്റപ്പണികള്‍ക്ക് അനുമതി നല്‍കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സ്ഥാവരജംഗമ വസ്തുക്കളുടെ ചുമതല ദേവസ്വം ബോര്‍ഡിനാണെന്നും കണ്ഠര് രാജീവര് പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ ഉണ്ടായിരുന്ന ആളെന്ന നിലയ്ക്ക് അറിയാം. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി. കണ്ഠര് രാജീവര്, മോഹനര് എന്നിവരുടെ മൊഴിയാണ് എസ്‌ഐടി രേഖപ്പെടുത്തിയത്. അറ്റകുറ്റപ്പണികള്‍ക്ക് അനുവാദം നല്‍കിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതു പ്രകാരമാണെന്നാണ് തന്ത്രിമാര്‍ വിശദീകരിച്ചത്.
അതേസമയം, സ്വര്‍ണം പൂശാന്‍ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാനുള്ള തീരുമാനമെടുത്തത് ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരാണെന്ന് കേസില്‍ പ്രതിയായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ്.ശ്രീകുമാര്‍ എസ്‌ഐടിക്കു മൊഴി നല്‍കി. ദ്വാരപാലക ശില്‍പങ്ങള്‍ അഴിച്ചുകൊണ്ടുപോയപ്പോഴും തിരിച്ചു കൊണ്ടുവന്നപ്പോഴും ശ്രീകുമാര്‍ ആയിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍.
തനിക്കു മുൻപ് ചുമതല ഉണ്ടായിരുന്ന മുരാരി ബാബുവാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നാണ് ശ്രീകുമാര്‍ പറഞ്ഞിരിക്കുന്നത്. മഹസര്‍ തയാറാക്കിയത് ദേവസ്വം കമ്മിഷണര്‍, തിരുവാഭരണം കമ്മിഷണര്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണെന്നും ശ്രീകുമാര്‍ എസ്‌ഐടിയോടു വ്യക്തമാക്കിയിരിക്കുന്നത്. മഹസറില്‍ സാക്ഷിയായാണ് ഒപ്പിട്ടിരിക്കുന്നതെന്നും ശ്രീകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം തേടി ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
/tantri-kandaru-rajeevaru-denies-involvement-in-bringing-unnikrishnan-potti-to-sabarimala
