റോഡരികിലെ ജീർണാവസ്ഥയിലായ മരം അപകട ഭീഷണിയാകുന്നു
കൈപ്പട്ടൂർ : റോഡരികിലെ ജീർണാവസ്ഥയിലായ മരം അപകട ഭീഷണിയാകുന്നു. കൈപ്പട്ടൂർ- പന്തളം റോഡിൽ പരുമല കുരിശ്ശടിക്ക് സമീപമുള്ള ഉണങ്ങി ദ്രവിച്ച മരമാണ് വഴിയാത്രികരുടെ ജീവന് ഭീഷണിയാവുന്നത്. ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് പാതയോരത്ത് മരം നിൽക്കുന്നത്. ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന മരം എത്രയുംവേഗം മുറിച്ചുമാറ്റണമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി അധികാരികൾക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഏറെ വാഹനത്തിരക്കുള്ള കൈപ്പട്ടൂർ- പന്തളം റോഡിൽ കെഎസ്ആർടിസി- സ്വകാര്യബസുകൾ തലങ്ങും വിലങ്ങുമാണ് നിത്യേന സഞ്ചരിക്കുന്നത്. ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പൻമാരുടെ വാഹനങ്ങൾ വൻതോതിൽ ഇതുവഴി കടന്നുപോകാറുണ്ട്. കുട്ടികളുമായി സ്കൂൾ വാനുകളും ബസുകളും രാവിലെയും വൈകീട്ടും ഈ റോഡിലൂടെയാണ് പോകുന്നത്. മരത്തിന്റെ മൂട് പൂർണമായും ദ്രവിച്ചനിലയിലാണ്. കനത്തമഴയോ, കാറ്റോ ഉണ്ടായാൽ മരം റോഡിലേക്ക് നിലം പതിയ്ക്കുമെന്ന് നാട്ടുകാർ പറയുന്നു. അപകടാവസ്ഥയിലായ മരത്തിന് എതിർവശത്താണ് കെഎസ്ഇബിയുടെ വൈദ്യുതക്കമ്പികൾ ഉള്ളത്. മരം വീണാൽ കമ്പികളുടെ മുകളിലാകും പതിക്കുന്നത്. ഇത് വൻദുരന്തത്തിലേക്ക് കാരണമായേക്കാം.
പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി അധികാരികൾ നടപടി സ്വീകരിക്കാത്തപക്ഷം ജില്ലാ കളക്ടർ, ആർഡിഒ എന്നിവർക്ക് നിവേദനം സമർപ്പിക്കുമെന്ന് കോൺഗ്രസ് കോന്നി ബ്ലോക്ക് മണ്ഡലം ജനറൽ സെക്രട്ടറി എ.ബി. രാജേഷ് പറഞ്ഞു.
roadside tree
