ത്രികോണമത്സരത്തിന്റെ പ്രതീതി ഉയർത്തുന്ന ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനിൽ പ്രചരണം ഊർജിതമാക്കി മുന്നണി സ്ഥാനാർഥികൾ
കോഴഞ്ചേരി : ത്രികോണമത്സരത്തിന്റെ പ്രതീതി ഉയർത്തുന്ന ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനിൽ പ്രചരണം ഊർജിതമാക്കി മുന്നണി സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഴക്കുന്നത്ത് കാൽവഴുതിവീണ് പരിക്കേറ്റ എൽഡിഎഫ് സ്ഥാനാർഥി ചെറിയാൻ സി.ജോൺ ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി തിങ്കളാഴ്ച അയിരൂരിൽനിന്നും വാഹന പ്രചാരണം ആരംഭിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആർ.പ്രസാദ് വാഹന പ്രചാരണം ഉദ്ഘാടനം ചെയ്തു.
പരമാവധി വോട്ടർമാരെ നേരിൽ കണ്ടും കുടുംബയോഗങ്ങൾ, ഭവന സന്ദർശനം തുടങ്ങിയ പ്രവർത്തനം തുടർന്നുപോകുവാനുമാണ് എൽഡിഎഫ് നേതൃത്വം ശ്രദ്ധ ചെലുത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.
യുഡിഎഫ് സ്ഥാനാർഥി അനീഷ് വരിക്കണ്ണാമല ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കുകയും കുടുംബയോഗങ്ങളും ഭവന സന്ദർശനവും ഏറെക്കുറെ പൂർത്തിയാക്കുകയുംചെയ്തുകഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഏറെ മുന്നിലെത്തുവാൻ കെഎസ്‌യു, യൂത്ത് കോൺഗ്രസ് കൂട്ടായ്മയ്ക്ക് സാധിക്കുന്നതായി നേതാക്കൾ അഭിപ്രായപ്പെടുന്നു. ഡിവിഷനിലെ പരമാവധി വോട്ടർമാരെ നേരിൽ കാണുവാനുള്ള ശ്രമത്തിലാണ് യുഡിഎഫ് ക്യാമ്പ്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിൽ കൈവിട്ട ഡിവിഷൻ ഉയർന്ന ഭൂരിപക്ഷത്തോടെ തിരിച്ച് പിടിക്കുമെന്ന് യുഡിഎഫ് ക്യാമ്പും അവകാശപ്പെടുന്നു. അനീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥമുള്ള പൊതുയോഗം ചൊവ്വാഴ്ച വൈകീട്ട് നാലിന് കോഴഞ്ചേരി സി.കേശവൻ സ്‌ക്വയറിന് സമീപത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
എൻഡിഎ സ്ഥാനാർഥി പ്രദീപ് അയിരൂർ ഭവനസന്ദർശനം, കുടുംബയോഗങ്ങൾ പൂർത്തിയാക്കുകയും സമൂഹമാധ്യമത്തിൽ പ്രചാരണം സജീവമാക്കുകയുംചെയ്തു. ഡിവിഷനിലെ 58 വാർഡുകളിൽ 36 വാർഡുകളിൽ വിജയം പ്രതീക്ഷിക്കുന്നതായി എൻഡിഎ നേതാക്കൾ അവകാശപ്പെടുന്നു. പ്രദീപിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കോഴഞ്ചേരി എസ്എൻഡിപി ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച രണ്ടിന് എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനംചെയ്യും.
kozhencherry division
