പഞ്ചായത്ത് രാജ് നിലവിൽ വന്നശേഷം യു.ഡി.എഫിനൊപ്പം മാത്രം സഞ്ചരിച്ച പഞ്ചായത്താണ് തുമ്പമൺ
തുമ്പമൺ: പഞ്ചായത്ത് രാജ് നിലവിൽ വന്നശേഷം യു.ഡി.എഫിനൊപ്പം മാത്രം സഞ്ചരിച്ച പഞ്ചായത്താണ് തുമ്പമൺ. വിദേശ മലയാളികൾ ഏറെയുള്ള പഞ്ചായത്തിൽ ജനസംഖ്യയും താരതമ്യേന കുറവാണ്. വോട്ടർമാർ കുറവായതിനാൽ സംസ്ഥാനത്തു തന്നെ ആദ്യ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതും ഈ പഞ്ചായത്തിലാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള ഇവിടെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനാണ് മുൻതൂക്കം.
1999ൽ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ മുട്ടം വടക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് ബി.ജെ.പി അക്കൗണ്ട് തുറന്നത് യു.ഡി.എഫിനെ ഞെട്ടിച്ചിരുന്നു. 2000ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റ് കൂടി വർധിപ്പിച്ചു. എൽ.ഡി.എഫിന് പരമാവധി നാല് സീറ്റുകൾ വരെ മാത്രമാണ് നേടാൻ കഴിഞ്ഞത്. സ്വാധീനം കുറവായതിനാൽ എൽ.ഡി.എഫ് സ്വതന്ത്രരെന്ന ബാനറിലാണ് ഇടത് സ്ഥാനാർഥികളിൽ കൂടുതലും രംഗത്തുള്ളത്.
പ്രസിഡന്‍റ് സ്ഥാനം വനിത സംവരണമായ 2020-25 വർഷത്തിലാണ് റോണി സഖറിയ പഞ്ചായത്ത് പ്രസിഡന്‍റായത്. ഇത്തവണ പ്രസിഡന്‍റ് സ്ഥാനം ജനറലാണ്. രണ്ടുതവണ പഞ്ചായത്ത് പ്രസിഡന്‍റായ സക്കറിയ വർഗീസാണ് കോൺഗ്രസിന്‍റെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാർഥി. നിലവിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റാണ്ണ് ഇദ്ദേഹം. പഞ്ചായത്തിലെ 11ാംവാർഡ് ആയ നടുവിലേമുറിയിലാണ് സക്കറിയ വർഗീസ് മത്സരിക്കുന്നത്. ഇവിടെ എൽ.ഡി.എഫ് സ്വതന്ത്രനായി പി.സി. ജോസും ബി.ജെ.പിക്കായി അശോകനുമാണ് രംഗത്തുള്ളത്.
udfs-own-thumbamon-ldf-to-overthrow-with-independents
