പോളിങ്ങിൽ വീണ്ടും പിന്നിലായി പത്തനംതിട്ട ജില്ല
പത്തനംതിട്ട: പോളിങ്ങിൽ വീണ്ടും പിന്നിലായി പത്തനംതിട്ട ജില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിൽ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത് പത്തനംതിട്ടയിൽ. ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്ന ജില്ലകളിൽ അഞ്ചിടത്തും പോളിങ് 70 ശതമാനം കടന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രമാണ് 70 കടക്കാതിരുന്നത്. തിരുവനന്തപുരത്ത് 67.47 ശതമാനമാണ് പോളിങ്.
ഇതിനും പിന്നിലാണ് പത്തനംതിട്ട ജില്ല (66.78). ബുധനാഴ്ച അന്തിമ ശതമാനം പുറത്തുവന്നപ്പോഴും ജില്ലയിലെ കണക്കിൽ മാറ്റമില്ല. കഴിഞ്ഞ തവണയും തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജില്ല എറ്റവും പിന്നിലായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിങ് 6.11 ശതമാനം കുറഞ്ഞതായാണ് കണക്ക്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 72.89 ശതമാനം പോളിങ്. ഇതാണ് 6.11 ശതമാനം കുറഞ്ഞ് ഇത്തവണ 66.78ലെത്തിയത്. കഴിഞ്ഞ തവണ കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ(2020) 69.72 ശതമാനമായിരുന്നു വോട്ടിങ്. ഇത്തവണ വാശിയേറി പ്രചാരണം നടന്നിട്ടും വോട്ടർമാർ അകന്ന് നിന്നത് മുന്നണികളെയും അങ്കാലപ്പിലാക്കുന്നുണ്ട്. വർധിക്കുന്ന വിദേശ കുടിയേറ്റമാണ് ഇതിന് കാരണമായി മുന്നണി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്ത് എറ്റവും കൂടുതൽ വീടുകൾ അടഞ്ഞുകിടക്കുന്ന ജില്ലയാണ് പത്തനംതിട്ട. യുവാക്കൾക്കും വിദ്യാർഥികൾക്കുമൊപ്പം വയോധികരും വിദേശങ്ങളിലേക്ക് ചുവടുമാറ്റുന്നതാണ് ഇടിവിനുള്ള കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. വിരമിച്ചവരടക്കമുള്ള വലിയൊരുവിഭാഗം മക്കൾക്കൊപ്പം വിദേശങ്ങളിലാണ്. ഇവരുടെ അഭാവമാണ് ഇത്തവണ പ്രധാനമായും പ്രതിഫലിച്ചതായി നേതാക്കൾ പറയുന്നത്.
ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പുതുതലമുറയും കാര്യമായി നാട്ടിലേക്ക് എത്തിയില്ല. ക്രിസ്മമസ് അവധിക്ക് നാട്ടിലേക്ക് വരേണ്ടതിനാൽ ഇടക്ക് വോട്ട് ചെയ്യാനായി എത്താൻ പലരും മടിച്ചു. തെരഞ്ഞെടുപ്പിനോട് താൽപര്യമില്ലാത്തതും ഒരുവിഭാഗത്തെ വോട്ട് യാത്രയിൽനിന്ന് പിന്തിരിപ്പിച്ചതായാണ് നിഗമനം.
pollingpathanamthitta-lags-behind-again
