റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യാത്രികൻ
അടൂർ ∙ എംസി റോഡിൽ പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ വീണതിനെ തുടർന്ന് തെറിച്ചു റോഡിൽവീണ് പരുക്കേറ്റ സ്കൂട്ടർ യാത്രികൻ കുഴി അടയ്ക്കാത്തതിൽ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഒടുവിൽ ഇന്ന് കുഴി അടയ്ക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്ന് ട്രാഫിക് എസ്ഐ ഉറപ്പു നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ച യാത്രികനെ ട്രാഫിക് പൊലീസ് തന്നെ ജീപ്പിൽ ജനറൽ ആശുപത്രിയിലാക്കി.
എംസി റോഡിൽ നയനം തിയറ്ററിനു സമീപത്തുള്ള കുഴിയിൽ കിളിവയൽ സ്വദേശി സാബുവിനാണ് (60) പരുക്കേറ്റത്. അരമണിക്കൂറിലേറെ സമയം സമരം തുടർന്നു. വിവരമറിഞ്ഞ് ട്രാഫിക് എസ്ഐ സുരേഷ്കുമാറിന്റെ നേതൃത്വത്തിലെത്തിയാണ് ഇന്ന് കുഴി അടയ്ക്കാനുള്ള നടപടി പിഡബ്ല്യുഡി അധികൃതർ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയത്.
സാബുവിന് കൈക്കും കാലിനും മുഖത്തും പരുക്കേറ്റിരുന്നു. രണ്ടു ദിവസം മുൻപാണ് സ്ഥലത്തെ റോഡിൽ പൈപ്പ് പൊട്ടിയ ഭാഗത്ത് കുഴി രൂപപ്പെട്ടത്. കുഴിയിൽ വെള്ളം കെട്ടിക്കിടന്നിട്ടും പിഡബ്ല്യുഡി അധികൃതരോ ജലഅതോറിറ്റി അധികൃതരോ ഒരു നടപടിയും കൈക്കൊണ്ടില്ല. ഭാഗത്ത് ട്രാഫിക് പൊലീസ് ട്രാഫിക് കോണുകൾ സ്ഥാപിച്ചു.
scooter-rider-injured-pothole
