കെആർപിഎം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങൾക്കുനേരേ സമൂഹവിരുദ്ധരുടെ ആക്രമണം പതിവാകുന്നു
സീതത്തോട് : കെആർപിഎം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങൾക്കുനേരേ സമൂഹവിരുദ്ധരുടെ ആക്രമണം പതിവാകുന്നു. കുട്ടികളുടെ പഠനം പോലും പ്രതിസന്ധിയിലാകുംവിധമാണ് ആക്രമണം നടത്തുന്നത്. കഴിഞ്ഞദിവസം രാത്രി ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ താഴേനിലയിൽ കടന്നുകയറിയ സാമൂഹികവിരുദ്ധർ രണ്ട് ക്ലാസ് മുറികളുടെ ജനൽച്ചില്ലകൾ അടിച്ചുതകർത്തു. ഒരുമുറിയുടെ പൂട്ടുപൊളിക്കാനും ശ്രമിച്ചു.
സ്കൂളിനോടുചേർന്ന് ഒരുമാസംമുമ്പ് പണി പൂർത്തിയാക്കിയ ശൗചാലയ സമുച്ചയത്തിലെ ടാപ്പുകളുൾപ്പടെയുള്ള സാധനങ്ങൾ ഏതാനും ദിവസംമുമ്പ് മോഷ്ടിച്ചിരുന്നു. ഇവിടെ വേറെയും നാശമുണ്ടാക്കിയാണ് അക്രമികൾ സ്‌കൂൾ വിട്ടുപോയത്. സമീപത്തെ ഹൈസ്‌കൂൾ വിഭാഗം കെട്ടിടങ്ങൾക്കുനേരേയും അടുത്തിടെ ആക്രമണം നടന്നിരുന്നു.
1500 കുട്ടികൾ പഠിക്കുന്ന പ്രധാന സ്കൂളുകളിലൊന്നാണിത്. സ്കൂളിന് നേരേ തുടർച്ചയായുണ്ടാകുന്ന ആക്രമണത്തിൽ നടപടി വേണമെന്ന് പിടിഎ യോഗം ആവശ്യപ്പെട്ടു. നൂറുകണക്കിന് വിദ്യാർഥികളുടെയും അധ്യാപകരുടെയുമൊക്കെ രേഖകൾ സൂക്ഷിച്ചിരിക്കുന്നത് സ്കൂൾ ഓഫീസുകളിലാണ്. ഇതൊക്കെ നഷ്ടപ്പെടാനിടയാക്കിയാൽ സ്ഥിതി ഗുരുതരമാകുമെന്നും പിടിഎ അഭിപ്രായപ്പെട്ടു. സ്കൂൾ അധികൃതർ ചിറ്റാർ പോലീസിൽ പരാതി നൽകി. എസ്‌ഐ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
seethatthod
