തീർഥാടകർക്ക് അന്നദാനമായി കേരളീയ സദ്യ നൽകുമെന്ന പ്രഖ്യാപനം നടതുറന്ന് ഒരുമാസം പിന്നിട്ടിട്ടും നടപ്പാക്കാൻ കഴിഞ്ഞില്ല
ശബരിമല ∙ തീർഥാടകർക്ക് അന്നദാനമായി കേരളീയ സദ്യ നൽകുമെന്ന പ്രഖ്യാപനം നടതുറന്ന് ഒരുമാസം പിന്നിട്ടിട്ടും നടപ്പാക്കാൻ കഴിഞ്ഞില്ല. കെ.ജയകുമാറിന്റെ നേതൃത്വത്തിൽ പുതിയതായി ചുമതലയേറ്റ ദേവസ്വം ബോർഡിന്റെ ആദ്യയോഗത്തിലാണു ഉച്ചഭക്ഷണമായി കേരളീയസദ്യ നൽകാൻ തീരുമാനിച്ചത്. സദ്യ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചെങ്കിലും ബോർഡ് അംഗങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നത കാരണം നടപടികൾ നീളുകയായിരുന്നു. അന്നദാനത്തിൽ ഉച്ചയ്ക്ക് പുലാവായിരുന്നു നൽകിവന്നത്. ഇതിനു പകരം സദ്യ നൽകാൻ വരുത്തേണ്ട ക്രമീകരണങ്ങളെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം കമ്മിഷണർ, ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ, അന്നദാനം സ്പെഷൽ ഓഫിസർ എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി.
ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യയും പുലാവും മാറി നൽകാൻ തീരുമാനിച്ചത്.പൊന്നരിച്ചോറ്, സാമ്പാർ, രസം, അവിയൽ, തോരൻ, അച്ചാർ, പപ്പടം, പായസം എന്നിവയോടെ വിഭവസമൃദ്ധമായ സദ്യ നൽകാനും ഇതിനാവശ്യമായ ശർക്കര, പപ്പടം, പായസത്തിനുള്ള അരി, അല്ലെങ്കിൽ അട തുടങ്ങിയവ ക്വട്ടേഷൻ സ്വീകരിച്ച് വാങ്ങാനും ബോർഡ് യോഗം തീരുമാനിച്ചിരുന്നു.
സദ്യവിളമ്പുന്നതിനും ശുചീകരണത്തിനുമായി 40 പേരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചു. കൂടുതൽ ബോയ്‌ലർ, പാചകവാതക അടുപ്പ് എന്നിവ സ്ഥാപിക്കാനും പാചകവാതക ലൈൻ നീട്ടാനും ബോർഡ് അനുമതി നൽകിയിരുന്നു. 1,500 സ്റ്റീൽ പ്ലേറ്റ് ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസിൽനിന്നു വാങ്ങാൻ തീരുമാനിച്ചെങ്കിലും അത് സംഭാവനയായി ലഭിച്ചു. എന്നാൽ, നടപടികൾ എല്ലാം പൂർത്തിയാക്കി ഇന്നലെയും സദ്യ തുടങ്ങാനായില്ല. ഇനിയും എന്നു തുടങ്ങുമെന്ന ചോദ്യത്തിനും കൃത്യമായ മറുപടി നൽകാനും ബോർഡിന് കഴിയുന്നില്ല. നടപടിക്രമങ്ങൾ പൂർണമായും പാലിക്കുന്നതിനു സമയം വേണമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്ന കാരണം.
kerala-sadhya-delayed-sabarimala.
