അയ്യായിരം പാപ്പാമാർ തിരുവല്ലയിൽ അണിനിരക്കും; സാന്റാഹാർമണി 19ന്
തിരുവല്ല ∙ 5000 ക്രിസ്മസ് പാപ്പാമാർ അണിചേരുന്ന സാന്റാ ഹാർമണി 2025 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവല്ല പൗരാവലിയും, വ്യാപാര സ്ഥാപനങ്ങളും, മധ്യ തിരുവിതാംകൂറിലെ വിവിധ ആശുപത്രികളും, വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേർന്നാണു പരിപാടി ഒരുക്കുന്നത്. അയ്യായിരത്തോളം പാപ്പാ വേഷധാരികളും, പൊതുജനങ്ങളടക്കം പതിനായിരത്തോളം ആളുകൾ പങ്കെടുക്കുന്ന 'സാന്റാ ഹാർമണിയും, സ്നേഹസംഗമവും 19നു നടക്കും.
19നു വൈകിട്ട 4നു രാമൻചിറ ബൈപ്പാസ് ജംക്‌ഷനിൽ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് റാലി ഫ്ലാഗ് ഓഫ് ചെയ്യും. പുഷ്പഗിരി മെഡിക്കൽ കോളജ്, ബിലീവേഴ്സ് മെഡിക്കൽ കോളജ്, തിരുവല്ല മെഡിക്കൽ മിഷൻ, പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രി, കല്ലിശ്ശേരി ഡോ.കെ.എം ചെറിയാൻ ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കൽ വിദ്യാർഥികൾ, വിവിധ സ്കൂളുകൾ, സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലുള്ള വർണ്ണാഭമായ ക്രിസ്മസ് ഫ്ലോട്ടുകൾ, റോളർ സ്കേറ്റിങ്, സൈക്ലിങ് ടീമുകൾ ,ബൈക്ക് റാലി, ബാൻഡ് സെറ്റ്, ലൈറ്റ് ഷോ വിവിധ വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, കൂറ്റൻ കാരിക്കേച്ചറുകൾ തുടങ്ങിയവ ഘോഷയാത്രയിൽ അണിചേരും.
നഗരത്തിലൂടെ വരുന്ന ഘോഷയാത്ര സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തിഡ്രൽ ഹാർമണി മൈതാനത്തു സമാപിക്കും. തുടർന്നു നടക്കുന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി, മാത്യു.ടി. തോമസ് എംഎൽഎ ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ ,രാഷ്ട്രീയ സാമൂഹിക മത മേലധ്യക്ഷർ, സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കും ഗാനമേളയും കലാപരിപാടികളും അരങ്ങേറും. ആഘോഷ പരിപാടികളുടെ സമാപനമായി കരിമരുന്നു കലാപ്രകടനവും ഉണ്ടായിരിക്കും. തഹസിൽദാർ ജോബിൻ കെ. ജോർജിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ചേർന്നു ഘോഷയാത്രയുടെ വിജയത്തിനായിട്ടുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കും.
പുഷ്പഗിരി മെഡിക്കൽ കോളജ് സിഇഒ ഫാ. ബിജു വർഗീസ് പയ്യമ്പള്ളി ജനറൽ കൺവീനറായും ആർ. ജയകുമാർ ചെയർമാനായും എം സലിം, വൈസ് ചെയർമാനായും ഫാ. സിജോ പന്തപള്ളിൽ, ഫാ.ലിജു തുണ്ടിയിൽ, ഷാജി മാത്യു, സിബി തോമസ് എന്നിവർ പ്രോഗ്രാം കൺവീനറായിമാരായും, ജിജോ മാത്യു, സജി എബ്രഹാം, ഷാജി തിരുവല്ല ,ലാൽജി വർഗീസ്, എം.കെ വർക്കി എന്നിവർ കൺവീനർമാരുമായി കമ്മിറ്റി പ്രവർത്തിക്കുന്നു.
പരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീം അംഗങ്ങൾ 9061983000 എന്ന നമ്പറിൽ പേര് റജിസ്റ്റർ ചെയ്യണം.
thiruvalla-santa-harmony-parade-celebration-2025.
