അനുമോദന യോഗത്തിൽ ഡി. സി .സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ രാഷ്ട്രീയ പ്രസംഗം നടത്തിയെന്നാരോപിച്ച് ജില്ല പഞ്ചായത്ത് ഹാളിൽ എൽ.ഡി.എഫ്. പ്രതിഷേധം
പത്തനംതിട്ട: അനുമോദന യോഗത്തിൽ ഡി. സി .സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ രാഷ്ട്രീയ പ്രസംഗം നടത്തിയെന്നാരോപിച്ച് ജില്ല പഞ്ചായത്ത് ഹാളിൽ എൽ.ഡി.എഫ്. പ്രതിഷേധം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിലെ ദീനാമ്മ റോയിയെ അനുമോദിക്കാൻ ചേർന്ന യോഗത്തിനിടെയാണ് എൽ.ഡി.എഫ് പ്രതിഷേധവും ബഹിഷ്കരണവും.
ആന്‍റോ ആൻറണി എം.പി. പ്രസംഗിച്ച ശേഷം സതീഷ് കൊച്ചുപറമ്പിൽ സംസാരിക്കുന്നതിനിടെയാണ് ബഹളം. രാഷ്ട്രീയ പ്രസംഗമാണെന്നും ജില്ല പഞ്ചായത്ത് ഹാളിൽ ഇതിന് എന്ത് അധികാരമാണെന്നുമായിരുന്നു എൽ.ഡി.എഫ് ആക്ഷേപം. ബഹളം ഏറെ നേരം നീണ്ടു. തുടർന്ന് എൽ.ഡി.എഫിലെ അഞ്ചംഗങ്ങളും ബഹിഷ്കരിച്ചിറങ്ങി. എൽ.ഡി.എഫിന്‍റേത് രാഷ്ട്രീയ നാടകമായിരുന്നുവെന്ന് യൂ.ഡി.എഫും ആരോപിച്ചു. പഞ്ചായത്തുകൾക്ക് ഫണ്ട് അനുവദിക്കാതെ വികസനപ്രവർത്തനങ്ങൾ സർക്കാർ തടസ്സപ്പെടുത്തിയെന്ന പരാമർശമാണ് പ്രതിഷേധത്തിനിടയാക്കിയത്.
എൽ.ഡി.എഫ് പരാതി നൽകി
പത്തനംതിട്ട: ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രീയ അധിക്ഷേപ പ്രസംഗം നടത്തിയെന്ന് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെ ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് എൽ.ഡി.എഫ് പരാതി.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥിയെ അനുമോദിക്കാനെന്ന പേരിലുള്ള പ്രസംഗം കഴിഞ്ഞ ഭരണ സമിതിയെയും ഉദ്യോഗസ്ഥരെയും സർക്കാറിനെയും അധിക്ഷേപിക്കുന്നതാണെന്നു പരാതിയിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നു പരാതിയിൽ ആവശ്യപ്പെട്ടു. എ .എൻ. സലീം, ടി .കെ .സജി, ബീന പ്രഭ, സവിത അജയകുമാർ, വൈഷ്‌ണവി ശൈലേഷ് എന്നിവരാണ് പരാതി നൽകിയത്.
protest-boycott-over-alleged-political-speech-at-congratulatory-meeting
