103 വര്‍ഷമായ നഗരസഭയുടെ അധ്യക്ഷ പദവിയില്‍ ആദ്യമായി പട്ടികജാതി വനിത
തിരുവല്ല: 103 വര്‍ഷമായ നഗരസഭയുടെ അധ്യക്ഷ പദവിയില്‍ ആദ്യമായി പട്ടികജാതി വനിത. നഗരസഭയുടെ 31-ാമത്തെ അധ്യക്ഷയാണ് എസ്. ലേഖ. ഒമ്പതാമത്തെ വനിത അധ്യക്ഷയും. കണക്ക് അനുസരിച്ച് 37-ാം അധ്യക്ഷയാണ് ലേഖയെങ്കിലും ചിലര്‍ ഒന്നിലധികം തവണ അധ്യക്ഷരായിട്ടുണ്ട്. സബ് കലക്ടര്‍മാര്‍ അധ്യക്ഷരുടെ ചുമതല വഹിച്ച കാലവുമുണ്ട്. 1996-ല്‍ നഗരപാലിക ബില്‍ വന്ന ശേഷമാണ് നഗരസഭകളില്‍ സംവരണം നടപ്പായത്.
തിരുമൂലപുരം വെസ്റ്റില്‍ നിന്നാണ് 165 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എസ്. ലേഖ കൗൺസിലറായത്. 12 വര്‍ഷമായി തിരുമൂലപുരം വെസ്റ്റ് വാര്‍ഡിലെ അര്‍ച്ചന കുടുംബശ്രീ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനുഭവവുമായായിരുന്നു നഗരസഭയിലേക്കു കന്നിയങ്കം. 12 വര്‍ഷമായി തിരുവല്ല ഉപജില്ല വിദ്യാഭ്യാസ ഓഫിസില്‍ ഉച്ചഭക്ഷണ വിഭാഗത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായിരുന്നു. കുടുംബശ്രീ മുഖാന്തിരം ലഭിച്ച താത്കാലിക ജോലി രാജിവച്ചാണ് മത്സരത്തിനിറങ്ങിയത്.
ഉപജില്ല വിദ്യാഭ്യാസ ഓഫിസിലെ ജോലിക്കു മുന്‍പ് ആറുമാസം തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫിസില്‍ വി.ഇ.ഒയുടെ ജോലിയും നോക്കിയിരുന്നു. അതിനു മുമ്പ് നാലു വര്‍ഷം പത്തനംതിട്ട, തിരുവല്ല മജിസ്‌ട്രേറ്റ് കോടതികളില്‍ താൽക്കാലിക ജോലി ചെയ്തു. തിരുവനന്തപുരം വിമന്‍സ് കോളജില്‍നിന്ന് ബിഎസ്സി ജയിച്ച ശേഷം ഐ.എച്ച്.ആര്‍.ഡി കോളജില്‍നിന്ന് കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്സും നേടി.
first-scheduled-caste-woman-to-hold-the-post-of-chairperson-of-103-year-old-municipality
