ദേശീയ പതാക മാലിന്യ കൂമ്പാരത്തിൽ തള്ളിയ നിലയിൽ
പത്തനംതിട്ട: ദേശീയ പതാക മാലിന്യ കൂമ്പാരത്തിൽ തള്ളിയ നിലയിൽ. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെന്ററിന്റെ പിറകിലാണ് ചാക്കിൽ കെട്ടി പതാകകൾ തള്ളിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രമോദ് താന്നിമൂട്ടിൽ എന്നിവർ മലയാലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കലക്ടർ, വില്ലേജ് ഓഫിസർ എന്നിവർക്കും പരാതി നൽകി. പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് എല്ലാ വീട്ടിലും ഉയർത്താൻ സംസ്ഥാന സർക്കാർ മുൻ കൈയെടുത്ത് കുടുംബശ്രീ മുഖാന്തരം വിതരണം ചെയ്യാൻ എത്തിച്ച പതാകകളാണിത്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർ ആരായാലും നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് കൺവീനർ അഡ്വ. അടൂർ പ്രകാശും ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലും ആവശ്യപ്പെട്ടു.
national-flag-in-a-garbage-dump
