യാത്രക്കാർ തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ ബസ് പത്തനംതിട്ട എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി.
പത്തനംതിട്ട ∙ യാത്രക്കാർ തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ ബസ് പത്തനംതിട്ട എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി. ബസ് ജീവനക്കാരും പൊലീസും ഇടപെട്ട് കർശനമായി താക്കീതു ചെയ്താണു തർക്കമുണ്ടാക്കിയ യാത്രക്കാരെ ശാന്തരാക്കിയത്. പ്രശ്നത്തെ തുടർന്ന് യാത്രക്കാരും ബസ് ജീവനക്കാരും വലഞ്ഞു.ഇന്നലെ വൈകിട്ട് നാലോടെയാണു സംഭവം. തിരുവനന്തപുരത്തു നിന്ന് മുണ്ടക്കയത്തേക്കുള്ള എരുമേലി ഡിപ്പോയുടെ ബസിലാണു യാത്രക്കാർ തമ്മിൽ തർക്കവും ഉന്തും തള്ളുമുണ്ടായത്.
വൈകിട്ട് മൂന്നരയോടെയാണു ബസ് പത്തനംതിട്ട ഡിപ്പോയിലെത്തിയത്. എരുമേലിക്കു പോകാനായി തിരുവനന്തപുരത്തു നിന്നെത്തിയ സംഘം ശുചിമുറിയിൽ പോകാൻ കുറച്ചു സമയം ബസ് കാത്തിരിക്കണമെന്നാവശ്യപ്പെട്ടു. കണ്ടക്ടർ സമ്മതിച്ചു. എന്നാൽ കുറേ സമയം കാത്തിരുന്നിട്ടും ഇവർ മടങ്ങിയെത്തിയില്ല. ഇതോടെ ബസിലെ മറ്റു യാത്രക്കാർ പ്രതിഷേധിച്ചു. പുറത്തിറങ്ങിയ സംഘം ചായ കുടിക്കാൻ പോയതാണു വൈകാൻ കാരണം.
സംഘത്തിലെ ഏതാനും പേർ തിരിച്ചു ബസിൽ കയറിയെങ്കിലും മറ്റുള്ളവർ കയറാൻ വീണ്ടും വൈകി. ഇവർ കയറിയപ്പോൾ നേരത്തെ ഈ സംഘത്തിലുള്ളവർ ഇരുന്ന സീറ്റിൽ മറ്റൊരാൾ ഇരുന്നെന്നു പറഞ്ഞ് തർക്കമായി. ബസ് നീങ്ങിത്തുടങ്ങിയതോടെ തർക്കം രൂക്ഷമായി ഉന്തും തള്ളുമായി. ഇവരെ ഇറക്കി വിടണമെന്ന് ചില യാത്രക്കാർ ആവശ്യപ്പെട്ടു.
കയ്യാങ്കളിയിലേക്കു നീങ്ങുമെന്ന ഘട്ടത്തിൽ ഡ്രൈവർ ബസ് എസ്പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി. ബസ് കോംപൗണ്ടിലേക്കു കയറിയതു കണ്ട് ആശങ്കയോടെ പൊലീസുകാർ ഓടിക്കൂടി. ട്രിപ്പ് മുടങ്ങിയാൽ കലക്‌ഷൻ തുക പിഴയടയ്ക്കേണ്ടി വരുമെന്നും നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും കണ്ടക്ടറും പൊലീസും താക്കീതു നൽകി. ഇതോടെയാണ് തർക്കമുണ്ടാക്കിയവർ ശാന്തരായത്. തുടർന്ന് ബസ് സർവീസ് തുടർന്നു.
/ksrtc-bus-sp-office
