പൊതുകിണർ വൃത്തിയാക്കി സംരക്ഷിക്കുന്ന പ്രവൃത്തിയുമായി മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്‌കൂൾ
കവിയൂർ : വേനൽക്കാലത്ത് വെള്ളത്തിനായി അലയുമ്പോഴും പൊതുകിണർ വൃത്തിയാക്കി സംരക്ഷിക്കുന്ന പ്രവൃത്തിയുമായി മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്‌കൂൾ. സ്‌കൂളിനോട് ചേർന്ന് വഴിയോരത്തുള്ള ജലസ്രോതസ്സാണ് വറ്റാതെ സംരക്ഷിച്ചുവരുന്നത്. കവിയൂരിന്റെ വിവിധയിടങ്ങളിൽ പത്തോളം പൊതുകിണറുകളും കുളങ്ങളും ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് ഇത്തരമൊരു പ്രവൃത്തി നടത്തി മാതൃകയായത്. കാലങ്ങളായി കാടുപിടിച്ച് മാലിന്യംനിറഞ്ഞ നിലയിലായിരുന്നിത്. കഴിഞ്ഞവർഷം പഞ്ചായത്തിന്റെ അനുമതി വാങ്ങിയെടുത്ത് പ്രഥമാധ്യാപിക പ്രിൻസമ്മയുടെ മേൽനോട്ടത്തിൽ ആയിരുന്നു പണികൾ. ഇടിഞ്ഞുപൊളിഞ്ഞുകിടന്ന ആൾമറ കെട്ടി സുരക്ഷിതമാക്കി. കിണറിന് കമ്പിവലകൊണ്ട് മേൽമൂടിയിട്ടു. ഇതിന് ചുറ്റിലും ചെടികൾവെച്ച് മനോഹരമാക്കി. ഇന്നിത് നൽകുന്നത് ശുദ്ധജലം മാത്രമല്ല കാഴ്ചയുടെ സൗന്ദര്യംകൂടിയാണ്.
കവിയൂർ, കോട്ടൂർ, മുണ്ടിയപ്പള്ളി, പടിഞ്ഞാറ്റുംശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലാണിവ ഏറെയും. ഒരു കാലത്ത് പൊതുകിണറുകൾ മാത്രമായിരുന്നു കുടിവെള്ളത്തിന് ആശ്രയം. വീടുകളിൽ കിണറുകൾ കുത്താൻ തുടങ്ങിയതോടെ ഉപയോഗശൂന്യമായി. ഇന്നിവ കാട്ടുച്ചെടികളും മാലിന്യങ്ങളും നിറഞ്ഞഗതിയിലും. അരനൂറ്റാണ്ടോളം പഴക്കംവരുന്നവയാണ് പലതും. ചിലയിടത്ത് വ്യക്തികൾ ഇവിയിൽ ചിലത് സ്വന്തമാക്കി വെച്ചിട്ടുമുണ്ട്. പഞ്ചായത്ത് മുൻകൈയെടുത്ത് പഴമ്പള്ളിയലെ പൊതുകുളം വൃത്തിയാക്കിയിരുന്നു. മിക്കവയും പായലും മാലിന്യവും നിറഞ്ഞ അവസ്ഥയാണ്.
100 അടിയോളം താഴ്ചയിൽ ഒരേക്കറിൽ അധികം വിസ്ത്രൃതിയുള്ള പാറക്കുളങ്ങളാണ് ഏറെയും. 35 കൊല്ലത്തോളമായി വെള്ളം നിറഞ്ഞുകിടക്കുന്നു. മിക്കവയും കന്നുകാലികളെ കുളിപ്പിക്കാനും വാഹനങ്ങൾ കഴുകാനുമാണ് ഉപയോഗിക്കുന്നത്. ആഴംകൂടുതലുള്ളതുകാരണം ആരുമൊട്ട് ഇറങ്ങാറില്ല. ഇതിലെ വെള്ളം കൃഷികൾക്ക് ഉപയോഗിക്കാൻ കഴിയുമെങ്കിലും ആരുമതിന് മെനക്കെടാറില്ല. പഞ്ചായത്ത് പദ്ധതിയിൽ ഇവയൊക്കെ വൃത്തിയാക്കാൻ തുക വകയിരുത്തിയെങ്കിലും പണിയെടുക്കാൻ ആരുമെത്തിയില്ല.
MUNDIYAPPALLY CMS HIGHSCHOOL
