മണിയാറിന് സമീപം ടോറസ്‌ലോറി മറിഞ്ഞു;ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
സീതത്തോട് : ചിറ്റാർ- വടശ്ശേരിക്കര റോഡിൽ പാറ ഉത്പന്നങ്ങൾ കയറ്റിപ്പോയ ടോറസ് ലോറി വ്യാഴാഴ്ച പുലർച്ചെ മണിയാറിന് സമീപം മറിഞ്ഞു. ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മണിയാർ പോലീസ് ക്യാമ്പിന് സമീപമായിരുന്നു അപകടം. വാഹനത്തിന്റെ ഒരുഭാഗം ഉയർന്നു പൊങ്ങി മറിയുകയായിരുന്നു. ഏതാനും മാസത്തിനിടെ ഒട്ടേറെ അപകടങ്ങളാണ് മണിയാറിലും പരിസരങ്ങളിലുമായി നടന്നിട്ടുള്ളത്.
ചിറ്റാറിലെ സ്വകാര്യ ക്രഷർ യൂണിറ്റിൽനിന്ന് പാറ ഉത്പന്നങ്ങൾ കയറ്റിപോകുന്ന ടോറസ് ലോറികളാണ് നിരന്തരം അപകടമുണ്ടാക്കുന്നത്. വളവും തിരിവും നിറഞ്ഞ ചിറ്റാർ- വടശ്ശേരിക്കര റോഡിൽ അതിഭാരം കയറ്റി എത്തുന്ന ലോറികൾ വലിയ വേഗത്തിൽ പോകുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. ലോറികളുടെ മത്സര ഓട്ടം കാരണം ഈ റൂട്ടിൽ മറ്റ് സ്വകാര്യ വാഹനങ്ങളോടിക്കുന്നതും ബസ് സർവീസ് നടത്തുന്നതുമെല്ലാം ഭീഷണിയുടെ നിഴലിലാണ്. ഏതുസമയവും അപകടസാധ്യത മുന്നിൽകണ്ടാണ് ബസ് ഓടിക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു.
രണ്ടാഴ്ചമുമ്പ് ചിറ്റാർ സ്കൂളിന് സമീപം ടിപ്പർലോറിക്ക് മുൻപിൽപെട്ടുപോയ സ്കൂൾ ബസ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സ്കൂൾസമയത്ത് ടിപ്പർലോറികൾ ഓടുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചിറ്റാറിൽ ഇതൊന്നും ബാധകമല്ല. ദിവസേന നൂറിലധികം ലോറികളാണ് ചിറ്റാറിൽനിന്ന് പുറത്തേക്ക് പാറ ഉത്പന്നങ്ങൾ കയറ്റിക്കൊണ്ടുപോകുന്നത്. ഇതിൽ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ലോറികളുമുണ്ട്. ഇവയൊന്നും യാതൊരുവിധ നിയമവും പാലിക്കാതെയാണ് സർവീസ് നടത്തുന്നത്.
ചിറ്റാർ- വടശ്ശേരിക്കര റോഡിലെ ടിപ്പർലോറികളുടെ അതിവേഗത്തിലുള്ള ഓട്ടം വ്യാപക പരാതികൾക്കിടയാക്കിയിട്ടും പോലീസോ, മോട്ടോർവാഹന വകുപ്പോ നടപടി സ്വീകരിക്കുന്നില്ല. ഉന്നത രാഷ്ട്രീയ- പോലീസ് ബന്ധം കാരണം ക്രഷർ യൂണിറ്റുകളുടെ വാഹനം നടത്തുന്ന നിയമലംഘനം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.
torrus lorry
