കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് മണ്ണെടുപ്പ് നിയന്ത്രിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ച് ഗ്രാമപ്പഞ്ചായത്ത്.
പള്ളിക്കൽ : കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് മണ്ണെടുപ്പ് നിയന്ത്രിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ച് ഗ്രാമപ്പഞ്ചായത്ത്.
പ്രസിഡന്റ്, സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാർ, രണ്ട് പ്രതിപക്ഷാംഗങ്ങൾ എന്നിവരാണ് സമിതിയിലുള്ളത്.
ഇനിമുതൽ മണ്ണെടുക്കാൻ പഞ്ചായത്ത് ഓഫീസിൽനിന്ന് പെർമിറ്റ് നൽകില്ലെന്ന് പ്രസിഡന്റ് സി.ആർ. ദിൻരാജ് പറഞ്ഞു.
വീടുവെയ്ക്കാൻ മണ്ണെടുക്കേണ്ടത് ആവശ്യമെന്ന് കണ്ടാൽ ഇതിന് പെർമിറ്റ് നൽകുന്നതായി പ്രത്യേക സമിതി സ്ഥലത്തെത്തി പരിശോധന നടത്തും. അതിന്റെ റിപ്പോർട്ട് പഞ്ചായത്ത് ഭരണസമിതിക്ക് നൽകണം. തുടർന്ന്, പഞ്ചായത്ത് കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ചതിനുശേഷമേ മണ്ണെടുക്കാൻ അനുമതി നൽകൂ. പള്ളിക്കൽ ഭാഗത്ത് നിർമാണാവശ്യത്തിനെന്നും വ്യവസായ ആവശ്യത്തിനെന്നും പറഞ്ഞാണ് ഏക്കർ കണക്കിന് സ്ഥലത്തെ മണ്ണെടുക്കുന്നത്. എന്തിനാണോ മണ്ണെടുത്തത് അതേ ആവശ്യം നടത്തിയോ, എന്ന് പിന്നീട് പരിശോധനയില്ല. ഇത്തരം കേസുകളിൽ ജിയോളജി വകുപ്പിൽനിന്ന് റിപ്പോർട്ട് വാങ്ങി നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകാൻ പ്രധാനകാരണം, അനധികൃത മണ്ണെടുപ്പാണെന്ന് കുടിവെള്ളക്ഷാമ പരിഹാരത്തിനായി ചേർന്ന ജലസഭയിൽ വിമർശനം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് സമിതി രൂപവത്കരിച്ചത്.
മണ്ണെടുക്കാൻ അനുമതി വാങ്ങിയാൽ മണ്ണുമാഫിയ കടത്തുന്നത് അനുവദിച്ചതിനേക്കാൾ കൂടുതൽ അളവിൽ മണ്ണാണ്. പരമാവധി അഞ്ചുസെന്റിൽനിന്ന് മണ്ണെടുക്കാനാണ് അനുമതിയെങ്കിലും ഏക്കറുകളോളം സ്ഥലം ഇടിച്ചുനിരത്തിയാണ് മണ്ണ് കടത്തുന്നത്.
വീടുവയ്ക്കാനെന്ന പേരിൽ മണ്ണ് നീക്കിയശേഷം അവിടെ വീടുവെയ്ക്കുന്നവരുടെ എണ്ണംവളരെ കുറവാണ്. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നൽകുന്ന പാസിൽ മണ്ണ് എടുക്കുന്നതിന്റെ അളവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പാസ് അനുവദിച്ച് ഒരു വർഷത്തിനകം കെട്ടിടത്തിന്റെ അടിത്തറയുടെയെങ്കിലും പണി നടത്തണമെന്നും നിർദേശമുണ്ട്. ഇതുനടന്നില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാം. എന്നാൽ, പലപ്പോഴും ഇതു നടക്കാറില്ല. സ്ഥല ഉടമകൾക്കുവേണ്ടി മണ്ണെടുക്കാനുള്ള അനുമതി ജിയോളജിവകുപ്പിൽനിന്നും പഞ്ചായത്തിൽനിന്നും വാങ്ങുന്നത് മണ്ണുമാഫിയകളാണെന്നാണ് ആക്ഷേപം. ജില്ലയിൽ ഏറ്റവുംകൂടുതൽ മണ്ണെടുക്കുന്നതും പള്ളിക്കലിലാണ്.
pallikkal
