മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം.
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് കേസ്.
രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുല്‍. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. വാട്സ്ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശവും പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിഭാഗം ഹാജരാക്കിയ തെളിവുകൾ പരിഗണിച്ചും പ്രതിയുമായുള്ള തെളിവെടുപ്പുകൾ പൂർത്തിയായതും കണക്കിലെടുത്താണ് ജാമ്യമെന്നാണ് സൂചന. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാഹുലിന് ഇന്നുതന്നെ ജയിൽ മോചിതനാകാം. നിലവിൽ മാവേലിക്കര സബ്ജയിലിൽ റിമാൻഡിലാണ്. കഴിഞ്ഞ പതിനൊന്നാം തീയതി രാത്രി പാലക്കാട്ടേ ഹോട്ടലിൽ നിന്ന് അതീവ രഹസ്യമായാണ് പൊലീസ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് സത്യവാങ്മൂലത്തില്‍ അതിജീവിത ഉന്നയിക്കുന്ന പ്രധാന വാദം.
രാഹുലിന്റെ ജാമ്യവസ്ഥകൾ
എല്ലാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം
പരാതികാരിയോ സാക്ഷികളെയോ സ്വാധീനിക്കാൻ പാടില്ല
അന്വേഷണവുമായി സഹകരിക്കണം
സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്
അമ്പതിനായിരം രൂപയും രണ്ട് ആൾ ജാമ്യം
വിധിയുടെ വിശദാംശങ്ങൾ
രാഹുൽ മാങ്കൂട്ടത്തിലിനെ എസ്ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നുവെന്നാണ് കോടതി പറഞ്ഞത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണ് പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിൻ്റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
rahul-mamkootathil-mla-gets-bail-in-third-rape-case
