ഹാരിസൺ മലയാളം തോട്ടത്തിൽ കടുവയെക്കണ്ട് ഓടിയ സ്ത്രീക്ക് വീണ് പരിക്ക്
ചെങ്ങറ : ഹാരിസൺ മലയാളം തോട്ടത്തിൽ കടുവയെക്കണ്ട് ടാപ്പിങ് തൊഴിലാളികൾ ഓടിരക്ഷപ്പെടുന്നതിനിടെ വീണ സ്ത്രീക്ക് പരിക്കേറ്റു. ചെങ്ങറ പാറക്കാമണ്ണിൽ എസ്.മിനിമോൾ(47)-ആണ് പരിക്കേറ്റത്.
ഭർത്താവ് ഷാജിയുമൊത്ത് രണ്ടാം നമ്പർ റബ്ബർതോട്ടത്തിൽ ടാപ്പിങ്ങിനായി രാവിലെ 5.30-ന് പോകുമ്പോൾ സാവത്രിക്കാടിന് സമീപമുള്ള പ്ലാങ്കാട്ട് വെച്ചാണ് കടുവയെ കണ്ടത്. തിരിഞ്ഞ് ഓടുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. മിനിമോളെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്ക് പരിക്കുണ്ട്.
മൂന്ന് ദിവസത്തിനിടെ നാലിടത്താണ് തൊഴിലാളികൾ കടുവയെ കണ്ടെത്തിയത്. കുറുമ്പറ്റി ഡിവിഷനിലെ ബ്ലാപ്പിള വെള്ളച്ചാട്ടത്തിന് സമീപമാണ് ആദ്യമായി കടുവയെ കണ്ടത്. പുലർച്ചെ 1.30-ന് ടാപ്പിങ്ങിന് ഇറങ്ങിയ തൊഴിലാളികളാണ് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
കൊന്നപ്പാറ ചെങ്ങറ റോഡിൽ ചെമ്മാനി തോട്ടത്തിന് സമീപം ബൈക്കിൽ യാത്രചെയ്തിരുന്ന യുവാക്കളും കടുവയെ കണ്ടു. ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിന് സമീപം കഴിഞ്ഞദിവസം കടുവയെ കണ്ടിരുന്നു. കടുവസാന്നിധ്യം കൂടിയതോടെ പ്രദേശവാസികളും തോട്ടം തൊഴിലാളികളും പേടിയിലാണ്. കെ.യു.ജനീഷ്‌കുമാർ എംഎൽഎ, ഡി.എഫ്.ഒ. ആയുഷ്‌കുമാർ കോറി, റെയ്‌ഞ്ച് ഓഫീസർ അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി വിവരം ശേഖരിച്ചു. വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. ഡ്രോൺ നിരീക്ഷണം നടത്തിയശേഷം കൂട് വയ്ക്കുമെന്ന് വനപാലകർ പറഞ്ഞു. തോട്ടത്തിൽ കന്നുകാലികളെ അഴിച്ചുവിട്ട് തീറ്റുന്നവർ ജാഗ്രതപാലിക്കണമെന്ന് വനപാലകർ അറിയിച്ചു.
,
chengara
